ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ടെസ്റ്റ് മത്സരങ്ങള്‍ അഞ്ച് ദിവസം നീളാറില്ലെന്ന് രോഹിത് പറഞ്ഞു. അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് മത്സരങ്ങള്‍ ഉണ്ടാകണമെങ്കില്‍ കളിക്കാര്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും വേണം
ഇന്‍ഡോര്‍: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്ന് ടെസ്റ്റുകളും നടന്നത് സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചുകളിലായിരുന്നു. നാഗ്പൂരിനും ഡല്‍ഹിക്കും പുറമെ ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റും മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിക്കുകയും ചെയ്തു. ഇന്‍ഡോര്‍ ടെസ്റ്റാകട്ടെ ആകെ ഏഴ് സെഷനില്‍ രണ്ടര ദിവസത്തിനുള്ളിലാണ് അവസാനിച്ചത്.
ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ രണ്ടും മൂന്നും ദിവസത്തില്‍ അവസനിക്കുന്നതിനെക്കുറിച്ച് വിമര്‍ശനം ഉയരുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രംഗത്തെത്തി. ഇന്‍ഡോര്‍ ടെസ്റ്റ് തോറ്റശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മൂന്ന് ദിവസം മാതരം നീളുന്ന ടെസ്റ്റ് മത്സരങ്ങള്‍ ക്രിക്കറ്റിന് ഗുണകരമാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് രോഹിത് മറുപടി നല്‍കിയത്.
ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ടെസ്റ്റ് മത്സരങ്ങള്‍ അഞ്ച് ദിവസം നീളാറില്ലെന്ന് രോഹിത് പറഞ്ഞു. അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് മത്സരങ്ങള്‍ ഉണ്ടാകണമെങ്കില്‍ കളിക്കാര്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും വേണം. ഇന്നലെ സമാപിച്ച ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇന്‍ഡീസ് മത്സരം മൂന്ന് ദിവസത്തിലാണ് അവസാനിച്ചത്. പക്കിസ്ഥാനില്‍ കഴിഞ്ഞ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അഞ്ച് ദിവസം നീണ്ടപ്പോള്‍ ആളുകള്‍ക്ക് ബോറടിച്ചിരുന്നു. ഇവിടെ മൂന്ന് ദിവസം കൊണ്ട് ടെസ്റ്റ് തീര്‍ത്ത് ഞങ്ങള്‍ കാണികളെ കൂടുതല്‍ ആവേശത്തിലാഴ്ത്തുകയല്ലെ ചെയ്യൂന്നത് എന്നായിരുന്നു രോഹിത്തിന്‍റെ മറുപടി.
ആദ്യ ഇന്നിംഗ്സില്‍ നല്ല രീതിയില്‍ ബാറ്റ് ചെയ്യാത്തതാണ് ഇന്‍ഡോര്‍ ടെസ്റ്റിലെ തോല്‍വിക്ക് കാരണമെന്നും രോഹിത് പറഞ്ഞു. പിച്ച് എങ്ങനെയോ ആവട്ടെ, നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികള്‍ ഗ്രൗണ്ടില്‍ നടപ്പാക്കുകയാണ് വേണ്ടത്. ഇത്തരം പിച്ചുകളില്‍ കളിക്കുമ്പോള്‍ കുറച്ചുകൂടി ധൈര്യത്തോടെ കളിക്കണം. ഓസീസ് ബൗളര്‍മാരെ ഒരേ സ്ഥലത്ത് തന്നെ പന്ത് പിച്ച് ചെയ്യിക്കാന്‍ നമ്മള്‍ അനുവദിച്ചു. ആദ്യ രണ്ട് ടെസ്റ്റില്‍ എങ്ങനെയാണോ ജയിച്ചത് അതേ തന്ത്രങ്ങളുമായാകും അടുത്ത ടെസ്റ്റിന് തയാറെടുപ്പ് നടത്തുകയെന്നും രോഹിത് പറഞ്ഞു.
ഇന്‍ഡോര്‍ ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിനാണ് ഓസ്ട്രേലിയ ജയിച്ചു കയറിയത്. മൂന്നാം ദിനം വിജയലക്ഷ്യമായി 75 റണ്‍സ് ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 49 റണ്‍സോടെ ട്രാവിസ് ഹെഡും 28 റണ്‍സുമായി ലാബുഷെയ്നും പുറത്താകാതെ നിന്നു. ഓസീസ് നിരയില്‍ വീണ ഒരേയൊരു വിക്കറ്റ് അശ്വിനാണ് സ്വന്തമാക്കിയത്.
