മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ അടിയന്തരമായി ഓസ്‌ട്രേലിയയിലേക്ക് അയക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ. അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡിനെ ഓസീസിലേക്ക് അയക്കണമെന്ന് ദിലീപ് വെങ്‌സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ദ്രാവിഡിന്റെ നിര്‍ദേശങ്ങള്‍ ഓസീസ് പിച്ചില്‍ ബുദ്ധിമുടന്ന ഇന്ത്യന്‍ താരങ്ങളെ സഹായിക്കുമെന്നായിരുന്നു വെങ്‌സര്‍ക്കാരിന്റെ പക്ഷം. 

എന്നാല്‍ പുതുതായി ആരേയും ഓസ്‌ട്രേലിയയിലേക്ക് അയക്കില്ലെന്ന് ബിസിസിഐ മുതിര്‍ന്ന അംഗം രാജീവ് ശുക്ല പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ബാറ്റിംഗ് തകര്‍ച്ചയെ കുറിച്ച് ബിസിസിഐക്ക് ആശങ്കയുണ്ട്. പ്രകടനം മെച്ചപ്പെടേണ്ടതിനെ കുറിച്ച് പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജെയ് ഷായും ടീം മാനേജ്‌മെന്റുമായി സംസാരിക്കും. മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.'' ശുക്ല പറഞ്ഞു.

'ടീമിനെ ഉത്തേജിപ്പിക്കാനും പ്രകടനം മെച്ചപ്പെടുത്താനും ഇരുവരും ചില പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ടീം മാനേജ്‌മെന്റുമായി അവര്‍ ബന്ധപ്പെടും. ഞങ്ങള്‍ ഒട്ടും തൃപ്തരല്ല. ബിസിസിഐ ഗൗരവത്തിലാണ് ഇന്ത്യയുടെ മോശം പ്രകടനത്തെ കാണുന്നത്. പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഒട്ടും തൃപ്തരല്ല.'' ശുക്ല പറഞ്ഞുനിര്‍ത്തി.