ചാംപ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കിയതാണോ ചര്‍ച്ച? സഞ്ജുവുമായി ഏറെ നേരം സംസാരിച്ച് ഗംഭീര്‍
വിവാദങ്ങള്‍ക്ക് പിന്നാലെ സഞ്ജുവും ഗംഭീറും കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ പരിശീലനത്തിനിടെ ദീര്‍ഘനേരം സംസാരിച്ചു.

കൊല്‍ക്കത്ത: ഐസിസി ചാംപ്യന്‍സ് ട്രോഫി ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മലയാളി താരം സഞ്ജു സാംസണ്‍ കൊല്‍ക്കത്തയിലെത്തി. ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജു പരിശീലനം തുടങ്ങി. സഞ്ജുവിന് പകരം റിഷഭ് പന്തിന് അവസരം നല്‍കിയത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അജിത് അഗാര്‍ക്കറോ നായകന്‍ രോഹിത് ശര്‍മ്മയോ തയ്യാറായില്ല. വിജയ് ഹാസരെ ട്രോഫിയില്‍ സഞ്ജു കളിക്കാതിരുന്നതാണ് തിരിച്ചടിയായതെന്ന് പിന്നാലെ റിപ്പോര്‍ട്ടുകളും വന്നു.
ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണെ ടീമിലെടുക്കണമെന്ന് കോച്ച് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടപ്പോള്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റിഷഭ് പന്ത് തന്നെ തുടരട്ടെയെന്ന നിലപാടിലായിരുന്നു. ഇത് സംബന്ധിച്ച തര്‍ക്കമാണ് സെലക്ഷന്‍ കമ്മിറ്റി യോഗം രണ്ട് മണിക്കൂറിലേറെ നീളാന്‍ കാരണമെന്നാണ് സൂചന. വിവാദങ്ങള്‍ക്ക് പിന്നാലെ സഞ്ജുവും ഗംഭീറും കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ പരിശീലനത്തിനിടെ ദീര്‍ഘനേരം സംസാരിച്ചു. ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. എന്നാല്‍ എന്തൊക്കെയാണ് ഇരുവരും പങ്കുവച്ചതെന്ന് വ്യക്തമല്ല.
ഗംഭീറിന്റെ ആവശ്യം തള്ളി റിഷഭ് പന്തിനെ ടീമിലെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നുവെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹാര്‍ദ്ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കണമെന്ന പരിശീലകന്‍ ഗംഭീറിന്റെ ആവശ്യവും അഗാര്‍ക്കറും രോഹിത്തും നിരാകരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശുഭ്മാന്‍ ഗില്ലിനെയാണ് ഇരുവരും പിന്തുണച്ചത്. അങ്ങനെ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.
സെലക്ഷന്‍ കമ്മിറ്റി യോഗത്തിനുശേഷം അഗാര്‍ക്കറും രോഹിത്തും നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സഞ്ജുവിനെ ഒഴിവാക്കയതിനെ സംബന്ധിച്ച ചോദ്യങ്ങളൊന്നും ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരം ലഭിച്ചതുമില്ല.