2011 ലോകകപ്പ് (2011 ODI World Cup) ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഗംഭീര്‍ 97 റണ്‍സ് നേടിയിരുന്നു. എന്നാല്‍ 91 റണ്‍സുമായി പുറത്താവാതെ നിന്ന ധോണിയായിരുന്നു മാന്‍ ഓഫ് ദ മാച്ച്. ധോണിയുടെ ഇന്നിംഗ്‌സിന് തന്റെ ഇന്നിംഗ്‌സിനേക്കാള്‍ പ്രാധാന്യം നല്‍കുന്നുവെന്ന് ഗംഭീര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.

ദില്ലി: മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും (Gautam Gambhir) എം എസ് ധോണിയും (MS Dhoni) അത്ര രസത്തിലല്ലെന്നുള്ള വാര്‍ത്തകള്‍ പലപ്പോഴായി പുറത്തുവന്നിട്ടിട്ടുണ്ട്. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നുള്ളതാണ് ക്രിക്കറ്റ് ലോകത്ത് പരക്കെയുള്ള വിശ്വാസം. 2011 ലോകകപ്പ് (2011 ODI World Cup) ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഗംഭീര്‍ 97 റണ്‍സ് നേടിയിരുന്നു. എന്നാല്‍ 91 റണ്‍സുമായി പുറത്താവാതെ നിന്ന ധോണിയായിരുന്നു മാന്‍ ഓഫ് ദ മാച്ച്. ധോണിയുടെ ഇന്നിംഗ്‌സിന് തന്റെ ഇന്നിംഗ്‌സിനേക്കാള്‍ പ്രാധാന്യം നല്‍കുന്നുവെന്ന് ഗംഭീര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു

ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലെന്നുള്ള വാദത്തോട് സംസാരിക്കുകയാണിപ്പോള്‍ ഗംഭീര്‍. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്. ഈ വാദം പൂര്‍ണമായും തള്ളികളയുകയാണ് ഗംഭീര്‍. ''എനിക്കൊരുപാട് ബഹുമാനമുള്ള വ്യക്തിയാണ് ധോണി. അതെല്ലാകാലത്തും നിലനില്‍ക്കും. അതെവിടേയും ഞാന്‍ പറയു. നിങ്ങളുടെ ചാനലില്‍ മാത്രമല്ല, 138 കോടി ജനങ്ങളുടെ മുന്നിലും ഞാന്‍ പറയും. ഒരാവശ്യം വരുമ്പോള്‍ അദ്ദേഹത്തിന് ഏറ്റവും അടുത്തുനില്‍ക്കുന്ന വ്യക്തി ഞാനായിരിക്കും. കാരണം അത്രത്തോളം മൂല്യമേറിയ സംഭാവനകല്‍ അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയിട്ടുണ്ട്. ധോണി ഒരു വലിയ മനസിന് ഉടമയാണ്.'' ഗംഭീര്‍ പറഞ്ഞു. 

എന്നാല്‍ രണ്ട് അഭിപ്രായങ്ങളുണ്ടെന്ന് സ്വഭാവികമാണെന്നും ഗംഭീര്‍ പറഞ്ഞു. ''രണ്ട് വ്യക്തികളാകുമ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. രണ്ട് പേരും രണ്ട് തരത്തിലാണ് ഒരു മത്സരത്തെ വായിക്കുക. ധോണിക്ക് അദ്ദേഹത്തിന്റെ അഭിപ്രായമുണ്ടായിരുന്നു. എനിക്ക് എന്റേതും. ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് കീഴില്‍ ദീര്‍ഘകാലും വൈസ് ക്യാപ്റ്റനായിരുന്നു. രണ്ട് ടീമുകള്‍ക്ക് വേണ്ടി കളിക്കുമ്പോള്‍ ഞങ്ങള്‍ ശത്രുക്കളായിരുന്നു. എന്നാല്‍ ഒരു ടീമില്‍ അങ്ങനെയല്ല. എനിക്ക് ഒരുപാട് ബഹുമാനം തോന്നുന്ന വ്യക്തിയാണ് ധോണി.'' ഗംഭീര്‍ വിശദീകരിച്ചു.

ഏകദിന ക്രിക്കറ്റില്‍ മൂന്നാം നമ്പറില്‍ ബാറ്റിംഗ് തുടര്‍ന്നിരുന്നെങ്കില്‍ അദ്ദേഹം പല റെക്കോര്‍ഡുകളും മറികടന്നേനെയെന്നും ഗംഭീര്‍ വ്യക്തമാക്കി. ''ഞാനത് വീണ്ടും പറയുന്നു. ധോണി മൂന്നാം നമ്പറില്‍ ബാറ്റിംഗ് തുടര്‍ന്നിരുന്നെങ്കില്‍ പല റെക്കോര്‍ഡുകളും അദ്ദേഹം മറികടന്നേനെ.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായ ഗംഭീര്‍ നിലവില്‍ പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്ററാണ്. ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായി തുടരുന്നു.