വിജയറണ്ണെടുത്തശേഷം പാക് താരങ്ങളുമായോ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരുമായോ ഹസ്തദാനത്തിന് നില്‍ക്കാതെ തിലകും പാണ്ഡ്യയും നേരെ ഡ്രസ്സിംഗ് റൂമിലേക്ക് കയറിപ്പോയി.
ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ആറ് വിക്കറ്റ് വിജയം നേടിയശേഷം നേരെ ഡ്രസ്സിംഗ് റൂമിലേക്ക് കയറിപ്പോയ ഹാര്‍ദ്ദിക് പാണ്ഡ്യയെയും തിലക് വര്‍മയെയും ഗ്രൗണ്ടിലേക്ക് തിരിച്ചുവിളിച്ച് കോച്ച് ഗൗതം ഗംഭീര്‍. പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ഷഹീന്‍ അഫ്രീദിയെ ബൗണ്ടറി കടത്തിയ തിലക് വര്‍മയാണ് ഇന്ത്യയുടെ വിജയറണ്ണെടുത്തത്.
വിജയറണ്ണെടുത്തശേഷം പാക് താരങ്ങളുമായോ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരുമായോ ഹസ്തദാനത്തിന് നില്‍ക്കാതെ തിലകും പാണ്ഡ്യയും നേരെ ഡ്രസ്സിംഗ് റൂമിലേക്ക് കയറിപ്പോയി. എന്നാല്‍ ഈ സമയം ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്ന കോച്ച് ഗൗതം ഗംഭീര്‍ സൂര്യകുമാര്‍ യാദവിനെയും ടീം അംഗങ്ങളെയും ഗ്രൗണ്ടിലേക്ക് വിളിച്ച് അമ്പയര്‍മാർക്ക് മാത്രം കൈ കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗ്രൗണ്ടിലേക്കിറങ്ങിയ ഇന്ത്യൻ താരങ്ങള്‍ പാക് താരങ്ങളുടെ അടുത്തകൂടെ നടന്ന് അമ്പയര്‍മാര്‍ക്ക് മാത്രം കൈ കൊടുത്തശേഷം തിരികെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി.
നേരത്തെ ടോസിനുശേഷവും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദും പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഘയും പരസ്പരം കൈകൊടുക്കാന്‍ തയാറായിരുന്നില്ല. ഏഷ്യാ കപ്പിലെ ഗ്രൂപ്പ് പോരാട്ടത്തിലും ഇന്ത്യൻ താരങ്ങള്‍ പാകിസ്ഥാന്‍ താരങ്ങളുമായി ഹസ്തദാനം ചെയ്തിരുന്നില്ല. അന്ന് മത്സരം പൂര്‍ത്തിയാക്കിയശേഷം അമ്പയര്‍മാർക്കുപോലും കൈ കൊടുക്കാന്‍ തയാറാവാതെയാണ് സൂര്യകുമാര്‍ യാദവിം ശിവം ദുബെയും ഗ്രൗണ്ട് വിട്ടത്. ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.
ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്
പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും(74), ശുഭ്മാന്‍ ഗില്ലും (47) ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 105 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കം നല്‍കിയിരുന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പൂജ്യത്തിനും സഞ്ജു സാംസണ്‍ 13 റണ്‍സും എടുത്തു പുറത്തായെങ്കിലും തിലക് വര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയുടെ ജയം പൂര്‍ത്തിയാക്കി.


