ബൗണ്ടറി ലൈനിനരികില്‍ ക്യാച്ചെടുക്കുമ്പോഴുള്ള നിയമങ്ങളില്‍ പുതിയ പരിഷ്കാരവുമായി ക്രിക്കറ്റ് നിയമങ്ങള്‍ക്ക് രൂപം നല്‍കുന്ന മാർലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബും ഐസിസിയും. 

ലണ്ടൻ: ബൗണ്ടറി ലൈനിനരികില്‍ ക്യാച്ചെടുക്കുമ്പോഴുള്ള നിയമങ്ങളില്‍ പുതിയ പരിഷ്കാരവുമായി ക്രിക്കറ്റ് നിയമങ്ങള്‍ക്ക് രൂപം നല്‍കുന്ന മാർലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബും ഐസിസിയും. ക്യാച്ചെടുത്തശേഷം ഫീല്‍ഡര്‍ നിയന്ത്രണം തെറ്റി പന്ത് വായുവിലെറിഞ്ഞ് ബൗണ്ടറി ലൈനിന് പുറത്തുപോകുകയും ബൗണ്ടറി ലൈനിന് പുറത്തു നിന്ന് വായുവില്‍ ഉയര്‍ന്നുചാടി പന്തിനെ വീണ്ടും വായുവിലെറിഞ്ഞ് ബൗണ്ടറി ലൈനിനുള്ളിലെത്തി ക്യാച്ച് പൂര്‍ത്തിയാക്കുകയും ചെയ്യുന്നത് ഇനി മുതല്‍ അനുവദിക്കില്ല. ഇത്തരം ക്യാച്ചുകള്‍ സിക്സുകളായാകും ഇനി പരിഗണിക്കുകയെന്ന് ഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ബൗണ്ടറിക്ക് അകത്തു നിന്ന് ക്യാച്ചെടുത്തശേഷം നിയന്ത്രണം തെറ്റി പന്ത് ബൗണ്ടറിക്കുള്ളില്‍ വായുവിലെറി‍ഞ്ഞശേഷം പുറത്തുപോയി തിരിച്ച് ബൗണ്ടറി ലൈനിനകത്തുനിന്ന് പൂര്‍ത്തിയാക്കുന്ന ക്യാച്ചുകള്‍ പഴയതുപോലെ ഇനിയും നിയമപ്രകാരം അനുവദിക്കും. 

Scroll to load tweet…

ബിഗ് ബാഷ് ലീഗ് മത്സരത്തില്‍ മൈക്കല്‍ നേസര്‍ എടുത്തൊരു ക്യാച്ചാണ് പുതിയ നിയമ പരിഷ്കാരത്തിന് എംസിസിയെ പ്രേരിപ്പിച്ചത്. സിഡ്നി സിക്സേഴും ബ്രിസ്ബേന്‍ ഹീറ്റും തമ്മിലുള്ള മത്സരത്തിനിടെ ജോര്‍ദാന്‍ സില്‍ക്ക് അടിച്ച പന്താണ് മൈക്കല്‍ നേസര്‍ ലോംഗ് ഓഫ് ബൗണ്ടറിക്ക് പുറത്തുനിന്ന് കൈയിലൊതുക്കിയത്.

Scroll to load tweet…

എന്നാല്‍ ബൗണ്ടറിക്ക് അകത്തു നിന്ന് ക്യാച്ചെടുത്തെങ്കിലും ഓട്ടം നിയന്ത്രിക്കാനാവാതെ ബൗണ്ടറി ലൈനിന് പുറത്തേക്ക് പോയ നേസര്‍ അതിന് മുമ്പ് പന്ത് വായുവിലെറിഞ്ഞു. വായുവിലെറിഞ്ഞ പന്ത് അപ്പോഴും ബൗണ്ടറി ലൈനിന് പുറത്തായിരുന്നു. ബൗണ്ടറി ലൈനിന് പുറത്തുനിന്ന് വീണ്ടും വായുവില്‍ ഉയര്‍ന്നു ചാടി പന്ത് കൈയിലൊതുക്കിയ നേസര്‍ കാല്‍ നിലത്തു കുത്തും മുമ്പ് വീണ്ടും പന്തിനെ ബൗണ്ടറില ലൈനിനുള്ളിലേക്ക് വായുവില്‍ എറിഞ്ഞു. തുടര്‍ന്ന് ബൗണ്ടറി ലൈനിനുള്ളില്‍ കടന്ന് നിലത്തുവീഴും മുമ്പ് പന്ത് കൈയിലൊതുക്കി. സില്‍ക്കിനെ അമ്പയര്‍ ഔട്ടായി പ്രഖ്യാപിച്ചെങ്കിലും നേസറിന്‍റെ ക്യാച്ച് നിയമവിധേയമാണോ എന്ന ചര്‍ച്ചകള്‍ക്ക് ഇത് വഴിവെച്ചിരുന്നു.

Scroll to load tweet…

ഇതിനെത്തുടര്‍ന്നാണ് എംസിസിയും ഐസിസിയും ബൗണ്ടറി ക്യാച്ച് നിയമത്തില്‍ വ്യക്തത വരുത്തിയത്. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ശശാങ്ക് സിംഗിനെ പുറത്താക്കാന്‍ ഡെവാള്‍ഡ് ബ്രെവിസും മൈക്കല്‍ നേസര്‍ എടുത്തതുപോലെ സമാനമായൊരു ക്യാച്ചെടുത്തിരുന്നു. പുതിയ നിമയപ്രകാരം ഇത് സിക്സായാണ് പരിഗണിക്കുക. ഒക്ടോബര്‍ മുതലായിരിക്കും പുതിയ ക്യാച്ചിംഗ് നിയമം ഐസിസി നടപ്പാക്കുക എന്നാണ് കരുതുന്നത്.

പഴയ നിമയം അനുസരിച്ച് ക്യാച്ചെടുക്കുമ്പോൾ പന്തില്‍ ആദ്യം തൊടുന്നത് ഗ്രൗണ്ടിനകത്തായിരിക്കണമെന്നും അതിനുശേഷം ബൗണ്ടറിക്ക് പുറത്തുപോയി ഗ്രൗണ്ടില്‍ തൊടാപെ പന്ത് വായുവില്‍ ഉയര്‍ത്തി എറിഞ്ഞ് ക്യാച്ച് പൂര്‍ത്തിയാക്കിയാലും ക്യാച്ചായി പരിഗണിക്കാമെന്നതായിരുന്നു. എന്നാല്‍ ഇത് ബാറ്ററോട് ചെയ്യുന്ന അനീതിയാണെന്ന വിമര്‍ശനം ശക്തമായതോടെയാണ് ഐസിസി നിമയമാറ്റത്തിന് തയാറായത്. ബണ്ണി ഹോപ് എന്നാണ് ഇത്തരം ക്യാച്ചുകള്‍ക്ക് എംസിസി നല്‍കിയിരിക്കുന്ന പേര്. ബൗണ്ടറിക്ക് അകത്ത് നില്‍ക്കുന്ന മറ്റൊരു ഫീല്‍ഡര്‍ക്ക് ഇത്തരത്തില്‍ പന്തെറിഞ്ഞ് കൊടുത്ത് ക്യാച്ച് പൂര്‍ത്തിയാക്കിയാലും പുതിയ നിയമം ബാധകമായിരിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക