ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ അപരാജിത സെഞ്ചുറിയുമായി തിളങ്ങിയ ഏയ്ഡൻ മാർക്രമിനെ കുറിച്ച് വിരാട് കോലി നടത്തിയ പ്രവചനം വീണ്ടും വൈറല്‍.
ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ അപരാജിത സെഞ്ചുറിയുമായി ദക്ഷിണാഫ്രിക്കയുടെ വിജയപ്രതീക്ഷകള്‍ക്ക് കടിഞ്ഞാണ്‍ പിടിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഏയ്ഡന്‍ മാര്‍ക്രത്തെക്കുറിച്ച് വിരാട് കോലി നടത്തിയ പ്രവചനം ചര്‍ച്ചയാക്കി ആരാധകര്‍. ഏഴ് വര്‍ഷം മുമ്പ് മാര്‍ക്രത്തിന്‍റെ ബാറ്റിംഗിനെക്കുറിച്ച് കോലി എക്സ് പോസ്റ്റില്‍ പറഞ്ഞ കാര്യമാണ് ഇന്നലെ ഓസ്ട്രേലിയക്കെതിരെ ലോര്‍ഡ്സില്‍ സെഞ്ചുറി നേടിയതോട് ആരാധകര്‍ വീണ്ടും ചര്‍ച്ചയാക്കിയത്.
2017ലാണ് മാര്‍ക്രം ദക്ഷിണാഫ്രിക്കക്കായി ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറിയത്. ടെസ്റ്റില്‍ അരങ്ങേറി മൂന്ന് സെഞ്ചുറികള്‍ നേടിയെങ്കിലും ഓസ്ട്രേലിയക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റില്‍ മാര്‍ക്രം നേടിയ 84 റണ്‍സാണ് കോലിയുടെ കണ്ണിലുടക്കിയത്. ഏയ്ഡന്‍ മാര്‍ക്രം, നയനാന്ദകരമായ കാഴ്ച എന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരത്തെക്കുറിച്ച് കോലി അന്ന് കുറിച്ചത്.
ഇപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യൻപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ നിര്‍ണായക സെഞ്ചുറിയുമായി ദക്ഷിണാഫ്രിക്കയെ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ പ്രതിഭകളെ തിരിച്ചറിയാനുള്ള കോലിയുടെ ദീര്‍ഘവീക്ഷണത്തെക്കൂടിയാണ് ആരാധകര്‍ വാഴ്ത്തുന്നത്. 159 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന മാര്‍ക്രവും 65 റണ്‍സുമായി ക്രീസിലുള്ള ക്യാപ്റ്റൻ ടെംബാ ബാവുമയും ചേര്‍ന്നുള്ള 143 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കക്ക് ലോര്‍ഡ്സില്‍ വിജയപ്രതീക്ഷ നല്‍കുന്നത്.
നേരത്തെ വ്യക്തിഗത സ്കോര്‍ രണ്ടില്‍ നില്‍ക്കെ ബാവുമയെ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്ത് കൈവിട്ടിരുന്നു. വ്യക്തിഗത സ്കോര്‍ 23ല്‍ നില്‍ക്കെ മാര്‍ക്രം എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പര്‍ത്തും ഫസ്റ്റ് സ്ലിപ്പിനും ഇടയിലൂടെ പോയതും ദക്ഷിണാഫ്രിക്കയുടെ ഭാഗ്യമായി.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ 282 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന ദക്ഷിണാഫ്രിക്കക്ക് ഈ നൂറ്റാണ്ടിലെ ആദ്യ ഐസിസി കിരീടം സ്വന്തമാക്കാന്‍ ഇനി 69 റണ്‍സ് കൂടി വേണം.


