കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ അടുത്ത സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് പുതിയ നായകനെ നിര്‍ദേശിച്ച് മുന്‍ നായകന്‍ ഗൗതം ഗംഭീര്‍. ദിനേശ് കാര്‍ത്തിക്കിന് പകരം യുവതാരം ശുഭ്മാന്‍ ഗില്ലിനെ കൊല്‍ക്കത്തയുടെ നായകനാക്കമെന്നാണ് ഗംഭീറിന്റെ നിര്‍ദേശം.

കഴിഞ്ഞ രണ്ട് സീസണിലും നായകനായിരുന്ന ദിനേശ് കാര്‍ത്തിക്ക് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നും ഈ സാഹചര്യത്തില്‍ ടീമിന്റെ ഭാവി കൂടി കണക്കിലെടുത്ത് ഗില്ലിനെ നായകനാക്കണമെന്നും ഗംഭീര്‍ പറഞ്ഞു. യുവതാരത്തെ നായകനാക്കുന്നതിലൂടെ പുതിയ ആശയങ്ങള്‍ ഗ്രൗണ്ടില്‍ കാണാനാകുമെന്നും സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഗെയിം പ്ലാന്‍ ഷോയില്‍ പങ്കെടുത്ത് ഗംഭീര്‍ പറഞ്ഞു.

ഗംഭീര്‍ നായകസ്ഥാനം ഒഴിഞ്ഞതോടെ വൈസ് ക്യാപ്റ്റനായിരുന്ന റോബിന്‍ ഉത്തപ്പ കൊല്‍ക്കത്ത നായകനാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.എന്നാല്‍ അപ്രതീക്ഷിതമായി കാര്‍ത്തിക്കിനെ നായകനായി ടീം മാനേജ്മെന്റ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് സീസണിലും കൊല്‍ക്കത്തയെ നയിച്ചത് കാര്‍ത്തിക്കായിരുന്നു. ഇത്തവണയും കാര്‍ത്തിക്ക് തന്നെ ടീമിനെ നയിക്കണമെന്നാണ് കൊല്‍ക്കത്ത ടീം മാനേജ്മെന്റിന്റെ നിലപാടെന്നാണ് സൂചന. മുഖ്യ പരിശീലകനായി ബ്രെണ്ടന്‍ മക്കല്ലത്തെയും സഹ പരിശീലകരായ കെയ് മില്‍സിനെയും ഡേവിഡ് ഹസിയെും കൊല്‍ക്കത്ത നേരത്തെ പ്രഖ്യാപിച്ചിരുന്നു.