ദില്ലി: ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ എംപിയുമായ ഗൗതം ഗംഭീര്‍. ഋഷഭ് പന്തിനെ കൈകാര്യം ചെയ്യുന്ന രീതിയാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. ധോണിയുടെ പകരം ടീമിലെത്തിയ പന്ത് നിരന്തരം പരാജയപ്പെടുകയാണ്. കടുത്ത വിമര്‍ശനങ്ങളാണ് താരത്തിനെതിരെ ഉയരുന്നത്. ടീം കോച്ച് രവി ശാസ്ത്രി പന്തിനെ കുറ്റപ്പെടുത്തിയിരുന്നു. ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡും പന്തിന്റെ ബാറ്റിങ് ശൈലിയില്‍ ആശങ്കപ്പെട്ടിരുന്നു.

പന്തിന്റെ മോശം പ്രകടനത്തിനു കാരണം ടീം മാനേജ്മെന്റാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗംഭീര്‍. ഗംഭീര്‍ പറയുന്നതിങ്ങനെ... ''ടീം മാനേജ്‌മെന്റ് പന്തിനോട് കാണിക്കുന്നത് ഒട്ടും ശരിയല്ല. പന്തിനെ വേദനിപ്പിക്കുന്നതും തകര്‍ക്കുന്നതുമായിട്ടുള്ള സംസാരങ്ങള്‍ നടത്തുന്നത് ഗുണം ചെയ്യില്ല. അത്തരത്തിലുള്ള പ്രതികരണങ്ങളാണ് ടീം മാനേജ്‌മെന്റ് നടത്തുന്നത്. ശ്രദ്ധയോടെ കളിച്ചില്ലെങ്കില്‍ ടീമിന് പുറത്തിടും എന്നൊക്കെ പറയുന്നത് ഒരു യുവതാരത്തോട് ചെയ്യുന്ന അനീതിയാണ്.

ഇങ്ങനെയുള്ള പറയുമ്പോള്‍ യുവതാരത്തിന് സ്വഭാവികമായും സമ്മര്‍ദ്ദമേറും. ഇപ്പോള്‍ പന്തിന്റെ തോളില്‍ കൈവച്ച് കൂടെ നിര്‍ത്തുകയാണ് വേണ്ടത്. പന്തിനെ ഇന്ത്യന്‍ ടീമിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.