സഞ്ജു സാംസണും അഭിഷേക് ശർമയും മികച്ച ഫോമിലായതിനാൽ വൈഭവ് സൂര്യവംശിക്ക് അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലെ ബഹളങ്ങളല്ല, മറിച്ച് ടീമിന്റെ സ്ഥിരതയും വിജയവുമാണ് പ്ലേയിംഗ് ഇലവനെ തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദില്ലി: സഞ്ജു സാംസണും അഭിഷേക് ശര്‍മയും ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഓപ്പണിംഗ് ജോഡിയായി മികച്ച രീതിയില്‍ തിളങ്ങുന്നതിനാല്‍, 15 കാരനായ വൈഭവ് സൂര്യവംശിക്ക് അവസരങ്ങള്‍ പരിമിതമാണ്. എന്നാല്‍ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍. മികച്ച ഫോമിലായിരുന്നിട്ടും വൈഭവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതിന്റെ കാരണങ്ങളെക്കുറിച്ച് താരം വൈഭവുമായി നേരിട്ട് സംസാരിച്ചിരുന്നുവെന്ന് ഗംഭീര്‍ വ്യക്തമാക്കി.

ഗംഭീറിന്റെ വാക്കുകള്‍.. ''എനിക്കും അതൊരു പുതിയ അനുഭവമായിരുന്നു. അവന്‍ നല്ല ഫോമിലായിരുന്നു എന്നത് ശരിയാണ്, എങ്കിലും ടീമിലെ സീനിയര്‍ താരങ്ങള്‍ നാളുകളായി മികച്ച പ്രകടനം നടത്തുന്നതുകൊണ്ട് അവന് അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന് ഞാന്‍ അവന് മനസ്സിലാക്കി കൊടുത്തു. മറ്റൊരു കാര്യം, സോഷ്യല്‍ മീഡിയയോ പുറത്തുനിന്നുള്ള ബഹളങ്ങളോ അല്ല പ്ലേയിംഗ് ഇലവനെ തീരുമാനിക്കുന്നത്. ആ ഡ്രസ്സിംഗ് റൂമിലെ കോച്ചും ക്യാപ്റ്റനും ആരെയാണ് വിജയം സമ്മാനിക്കാന്‍ കഴിയുന്നവരായി കാണുന്നത് എന്നതിനെ ആശ്രയിച്ചാണ് അത് തീരുമാനിക്കുന്നത്.'' ഗംഭീര്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ വൈഭവ് സൂര്യവംശിക്ക് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാന്‍ ഒരവസരവും ലഭിച്ചിരുന്നില്ല. താന്‍ വൈഭവിന് പെട്ടെന്ന് അവസരം നല്‍കിയാല്‍, അത് പുറത്തിരിക്കേണ്ടി വരുന്ന അഭിഷേക് ശര്‍മ്മയോടോ സഞ്ജു സാംസണോടോ നീതി പുലര്‍ത്തുന്നതാകില്ലെന്ന് ഗംഭീര്‍ വ്യക്തമാക്കി. 'വൈഭവ് ഇന്ന് കളിക്കുകയാണെങ്കില്‍, അഭിഷേക് ആണെങ്കിലും സഞ്ജു ആണെങ്കിലും ആരെയാണോ ഒഴിവാക്കുന്നത്, അവരുമായി സംസാരിക്കുക എന്നത് കഠിനമായിരിക്കും. കഴിഞ്ഞ ഒന്നര-രണ്ട് വര്‍ഷമായി മികച്ച ഇംപാക്റ്റ് ഉണ്ടാക്കിയ ഒരു കോമ്പിനേഷനെ പെട്ടെന്ന് അവഗണിക്കാനും, മൂന്നോ നാലോ മത്സരങ്ങളിലെ പരാജയത്തിന്റെ പേരില്‍ അവരെ മാറ്റി പ്രതിഭയുള്ള ഒരു പുതിയ താരത്തെ കളിപ്പിക്കാനും എനിക്ക് കഴിയില്ല. അതിനാല്‍ ഡ്രസ്സിംഗ് റൂമില്‍ ആ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടീമിന്റെ സെലക്ഷന്‍ രീതികളുടെ പേരില്‍ മുന്‍ താരങ്ങളുടെയും ആരാധകരുടെയും ഭാഗത്തുനിന്ന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള ഗംഭീര്‍, ജനപ്രിയമായ തീരുമാനങ്ങള്‍ എടുക്കുന്നതിനേക്കാള്‍ പ്രയാസകരമാണ് ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന് വ്യക്തമാക്കി. 'ജനപ്രിയമായ തീരുമാനങ്ങള്‍ എടുക്കുക എന്നത് എനിക്ക് വളരെ എളുപ്പമാണ്, എന്നാല്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കുക എന്നതാണ് ഏറ്റവും കഠിനമായ കാര്യം. സഞ്ജുവിനെയും അഭിഷേകിനെയും നിലനിര്‍ത്തുക എന്ന ശരിയായ തീരുമാനമാണ് ഞങ്ങള്‍ എടുത്തത്. ലോകകപ്പില്‍ നിന്ന് അടുത്ത ലോകകപ്പിലേക്ക് തോല്‍വിയറിയാതെ മുന്നേറിയ ഒരു ടീമും ചരിത്രത്തിലില്ല. ഏതെങ്കിലും ഒരു പരമ്പരയിലോ മൂന്നോ മത്സരങ്ങളിലോ ഉണ്ടാകുന്ന മോശം പ്രകടനം ഒരാളെ മോശം കളിക്കാരനാക്കുന്നില്ല, ടീമിനെയും മോശമാക്കുന്നില്ല. അതിനാല്‍ ടീമില്‍ സ്ഥിരത നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്,' ഹെഡ് കോച്ച് വ്യക്തമാക്കി.

YouTube video player