ദില്ലി: ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയില്‍ നടന്ന രണ്ടാം ഏകദിനത്തിലും തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിന് വലിയ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. പ്രധാനമായും വിമര്‍ശനങ്ങള്‍ വരുന്ന വീരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ തന്നെയാണ്. ഇപ്പോള്‍ ഇതാ ഇന്ത്യന്‍ ടീം മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ രംഗത്ത് എത്തിയിരിക്കുന്നു.

ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ ഇപ്പോഴത്തെ ക്യാപ്റ്റന്‍സി എന്താണ് എന്ന് എനിക്ക് മനസിലാകുന്നില്ല. വിക്കറ്റ് എടുക്കുന്നതിന്‍റെ പ്രധാന്യം എല്ലാവരും പറയുന്നു, ഇത്തരത്തില്‍ ഒരു ബാറ്റിംഗ് നിരയെ നേരിടുമ്പോള്‍ നിങ്ങളുടെ പ്രധാന ബൗളര്‍ക്ക് എങ്ങനെ രണ്ട് ഓവര്‍ വരെയുള്ള സ്പെല്ല് നല്‍കും. സാധാരണ ഏകദിനത്തില്‍ പ്രധാന ബൗളര്‍ക്ക് 4-3-3 എന്ന സ്പെല്ലാണ് നല്‍കാറ്. പുതിയ ബോളില്‍ ഇന്ത്യയുടെ പ്രധാന ബൗളറായ ബുംറയ്ക്ക് 2 ഓവര്‍ മാത്രമാണ് വീരാട് കോലി നല്‍കിയത് ഇതിനെയാണ് ഗംഭീര്‍ വിമര്‍ശിച്ചത്.

ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ കളി വിലയിരുത്തല്‍ പരിപാടിയില്‍ ആയിരുന്നു ഇന്ത്യയുടെ മുന്‍ താരത്തിന്‍റെ വിമര്‍ശനം. ഇത് ഒരു ടി20 മത്സരമല്ല, ഇത്തരം ഒരു ക്യാപ്റ്റന്‍സിയെ ഏത് രീതിയിലും ന്യായീകരിക്കാന്‍ സാധിക്കില്ല. ഇതിന്‍റെ കാരണം എന്താണ് എന്ന് എനിക്ക് അറിയില്ല, പക്ഷെ ഇത് വളരെ മോശം ക്യാപ്റ്റന്‍സിയാണ്.

ഇന്ത്യ ആറാം ബൗളറായി വാഷിംങ്ടണ്‍ സുന്ദരത്തെയോ,ശിവം ദുബെയെയോ കളിപ്പിക്കണമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. ബുധനാഴ്ചയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിനം നടക്കുന്നത്.