മുംബൈ: ക്യാപ്റ്റനായിരിക്കെ എം എസ് ധോണി നേടിയ കിരീടങ്ങള്‍ക്കെല്ലാം പിന്നില്‍ സൗരവ് ഗാംഗുലിയാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഓട്ടേറെ മികച്ച താരങ്ങള്‍ ഉണ്ടായതുകൊണ്ടാണ് ധോണിക്ക് 2011 ലോകകപ്പ് ഉയര്‍ത്താന്‍ സാധിച്ചതെന്നാണ് ഗംഭീര്‍ പറയുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ 'ക്രിക്കറ്റ് കണക്ടഡ്' എന്ന ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു ബിജെപി എംപികൂടിയായ ഗംഭീര്‍. 

ഗാംഗുലി വളര്‍ത്തികൊണ്ടുവന്ന സഹീര്‍ ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ധോണിയുടെ വിജയനേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് ഗംഭീറിന്റെ പക്ഷം. അദ്ദേഹം തുടര്‍ന്നു... ''ധോണിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു സഹീര്‍ ഖാന്‍. സഹീറിന്റെ വളര്‍ച്ചയുടെ പ്രധാന കാരണം ഗാംഗുലിയെന്നതില്‍ സംശയമൊന്നുമില്ല. ലോകത്തിന് മുന്നില്‍ ഉയര്‍ത്തികാണിക്കാന്‍ ഇന്ത്യക്ക് ലഭിച്ച ലക്ഷണമൊത്ത ബൗളര്‍ സഹീറായിരുന്നു.'' ഗംഭീര്‍ പറഞ്ഞു. 

സഹീര്‍ 311 വിക്കറ്റാണ് ടെസ്റ്റില്‍ വീഴ്ത്തിയത്. അതില്‍ ധോണി ക്യാപ്റ്റനായിരിക്കുമ്പോള്‍ 116 വിക്കറ്റാണ് സഹീര്‍ വീഴ്ത്തിയത്. 102 വിക്കറ്റുകള്‍ ഗാംഗുലിക്ക് കീഴിലും. സൗരവ് ഗാംഗുലിക്കു കീഴില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ സഹീര്‍ ഖാന്‍, ലോകോത്തര ബോളറായി വളര്‍ന്നതും ഗാംഗുലിക്ക് കീഴിലാണ്.

നിരവധി സൂപ്പര്‍താരങ്ങള്‍ ഉണ്ടായതുകൊണ്ടാണ് 2011 ലോകകപ്പ് ഇന്ത്യക്ക് ലഭിച്ചതെന്നും ഗംഭീര്‍ വ്യക്തമാക്കി. ''സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്, മുനാഫ് പട്ടേല്‍, യുവരാജ് സിങ്, യൂസഫ് പഠാന്‍, വിരാട് കോലി തുടങ്ങിയ താരങ്ങള്‍ ധോണിയുടെ ടീമിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ടീമിനെ നയിക്കുകയെന്നത് ധോണിക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. എന്നാല്‍ ഗാംഗുലി ഒരു മികച്ച ടീമിനെ ഒരുക്കിയെടുക്കുകയായിരുന്നു. ഗാംഗുലി വിതച്ചത് ധോണി കൊയ്‌തെടുക്കുകയായിരുന്നു.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.