ദില്ലി: മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ വീണ്ടും പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍. കൂടെ ഋഷഭ് പന്തിനുള്ള മുന്നറിയിപ്പും മുന്‍ ഓപ്പണര്‍ നല്‍കി. പന്തിന്റെ സ്ഥിരതയില്ലാത്ത പ്രകടനമാണ് ഗംഭീറിനെ ഇത്തരത്തില്‍ പറയാന്‍ പ്രേരിപ്പിച്ചത്. ഇതാദ്യമായിട്ടല്ല, ഗംഭീര്‍ സഞ്ജുവിനെ കുറിച്ച് സംസാരിക്കുന്നത്. 

എന്നാല്‍ പന്ത് മികച്ച താരമാണെന്ന് കാര്യത്തില്‍ ഗംഭീറിന് സംശയമൊന്നുമില്ല. അദ്ദേഹം പറയുന്നതിങ്ങനെ... ''ധോണിയുടെ പിന്‍ഗാമിയായി ഞാന്‍ കാണുന്നത് പന്തിനെയല്ല. അതിന് യോജിച്ച താരം സഞ്ജു സാംസണാണ്. പന്തിന് തന്റെ യഥാര്‍ഥ മികവ് പുറത്തെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ സഞ്ജു ടീമിലെത്താന്‍ സാധ്യതയേറെയാണ്. വ്യക്തിപരമായി സഞ്ജുവാണ് എന്റെ ഫേവറൈറ്റ്. 

പന്ത് മികച്ചതാരമാണെന്നതില്‍ സംശയമൊന്നുമില്ല. മാച്ച് വിന്നറാവാന്‍ കെല്‍പ്പുള്ള താരം. എന്നാല്‍ ഇതിനായി താരം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഇന്ത്യ എയ്‌ക്കെതിരായ മികച്ച പ്രകടനത്തിലൂടെ കനത്ത വെല്ലുവിളിയാണ് സഞ്ജു ഉയര്‍ത്തിയിരിക്കുന്നത്.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി. 

അടുത്തിടെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ എയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. 48 പന്തില്‍ നിന്ന് മാത്രം 91 റണ്‍സാണ് താരം നേടിയത്.