മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം എങ്ങനെയായിരിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്തണമെന്നാണ് ഗംഭീര്‍ പറയുന്നത്. രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി, പേസര്‍ മുഹമ്മദ് ഷമി എന്നിവരുടെ അഭാവം ടീമിന് തലവേദനയായിരിക്കും. ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ നിന്ന് വലിയ മാറ്റം വരുത്തിയാണ് ഗംഭീര്‍ ടീമിനെ പുറത്തുവിട്ടിട്ടുള്ളത്. 

എല്ലാവരും പ്രതീക്ഷിച്ചതുപോലെ പൃഥ്വി ഷായെ പുറത്തിരുത്തണം എന്നുതന്നെയാണ് ഗംഭീറിന്റെ അഭിപ്രായം. മായങ്ക് അഗര്‍വാളിനൊപ്പം ശുഭ്മാന്‍ ഗില്ലാണ് ഓപ്പണര്‍. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാര ഇറങ്ങും. മൂന്നാം നമ്പറില്‍ പൂജാര തന്നെ. നാലാം സ്ഥാനത്ത് കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയാണ് കളിക്കുക. ശേഷം കെ എല്‍ രാഹുല്‍ ക്രീസിലെത്തു. രഹാനെയുടെ സ്ഥിരം സ്ഥാനമാണത്. നാട്ടിലേക്ക് തിരിച്ച കോലിക്ക് പകരമാണ് രാഹുല്‍ കളിക്കുക. 

ആറാം നമ്പറില്‍ വിക്കറ്റ് കീപ്പറായി സാഹ വേണ്ട പകരം റിഷഭ് പന്തിനെയാണ് ഗംഭീര്‍ പരിഗണിച്ചത്. ഹനുമ വിഹാരിക്ക് പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഏഴാം നമ്പറില്‍ കളിക്കും. എട്ടാം നമ്പറില്‍ ആര്‍ അശ്വിനും. പേസര്‍മാരായി ജസ്പ്രീത് ബുമ്രയും ഉമേഷ് യാദവും സ്ഥാനം നിലനിര്‍ത്തുമ്പോള്‍ മുഹമ്മദ് ഷമിയുടെ പകരക്കാരനായി നവ്ദീപ് സൈനിയോ മുഹമ്മദ് സിറാജോ കളിക്കണം. ഗംഭീര്‍ വ്യക്തമാക്കി. 

ഗംഭീറിന്റെ ടീം: മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്/ നവ്ദീപ് സൈനി.