ദില്ലി: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ലോകകപ്പിനുശേഷം ഇതുവരെ ഇന്ത്യക്കായി കളിച്ചിട്ടില്ലെങ്കിലും വിരമിക്കലിനെക്കുറിച്ച് ധോണി ഒന്നും പറഞ്ഞിട്ടുമില്ല. അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും ധോണി കളിച്ചേക്കുമെന്നും സൂചനകളുണ്ട്.

എന്നാല്‍ ധോണി അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പില്‍ കളിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ എക്സ്‌പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ഗംഭീര്‍ മനസുതുറന്നത്. വിരമിക്കല്‍ തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ഭാവികൂടി മുന്നില്‍ കാണണമെന്ന് മാത്രം. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ ധോണി കളിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.

Alos Read: ഫ്ലാറ്റ് തട്ടിപ്പ്: ഗൗതം ഗംഭീറിനെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

അതുകൊണ്ട് ക്യാപ്റ്റനായിരിക്കുന്നത് കോലിയോ മറ്റാരെങ്കിലുമോ ആകട്ടെ, ധോണിയോട് ഇക്കാര്യം തുറന്നുപറയാനുള്ള ധൈര്യം കാട്ടണം. അടുത്ത നാലോ അഞ്ചോ വര്‍ഷത്തെ ഭാവികൂടി മുന്നില്‍ കണ്ട് യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ട സമയമാണിത്. അതുകൊണ്ടുതന്നെ താങ്കള്‍ ഞങ്ങളുടെ ഭാവിപദ്ധതികളില്‍ ഇല്ല എന്ന് ധോണിയോട് ക്യാപ്റ്റന്‍ ധൈര്യത്തോടെ പറയണം.

ഇത് ഒരു ധോണിയുടെ മാത്രം കാര്യമല്ല, രാജ്യത്തിന്ററെ കാര്യമാണ്. ഋഷഭ് പന്തിനെയും സഞ്ജു സാംസണെയും പോലുള്ള യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയാണ് ഇപ്പോള്‍ വേണ്ടത്. ധോണി അടുത്ത ലോകകപ്പില്‍ കളിക്കുമോ എന്നതല്ല, ഇന്ത്യ അടുത്ത ലോകകപ്പ് നേടുക എന്നതാണ് പ്രധാനം.ധോണിയില്ലാത്തഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമായെന്നും ഗംഭീര്‍ പറഞ്ഞു.