ഐപിഎല്ലിനുശേഷം ഇന്നലെ വീണ്ടും കോലിയും നവീനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പഴയ പോരാട്ടചൂട് പുറത്തെടുക്കാനല്ല, നവീന്‍ ഉള്‍ ഹഖിനെ ചേര്‍ത്തു നിര്‍ത്താണ് വിരാട് കോലി ശ്രമിച്ചത്.

ദില്ലി: ലോകകപ്പില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആരാധകശ്രദ്ധ മുഴുവന്‍ രണ്ട് താരങ്ങളിലേക്കായിരുന്നു. ഇന്ത്യയുടെ വിരാട് കോലിയും അഫ്ഗാന്‍റെ നവീന്‍ ഉള്‍ ഹഖും. ഐപിഎല്ലില്‍ ഇരുവരും തമ്മില്‍ പരസ്പരം കൊമ്പുകോര്‍ത്തതും പ്രശ്നത്തില്‍ ലഖ്നൗ ടീം മെന്‍ററായിരുന്ന ഗൗതം ഗംഭീര്‍ ഇടപെട്ടതും പിന്നീട് നവീന്‍ കളിക്കുന്ന ഗ്രൗണ്ടുകളിലെല്ലാം കോലി ചാന്‍റ് ഉയര്‍ന്നതും ആരാധകര്‍ മറന്നിട്ടില്ല. നവീനെതിരെ മാത്രമല്ല, ഗൗതം ഗംഭീറിനെതിരെയും ഐപിഎല്ലിനിടെ കോലി ചാന്‍റ് ഉയര്‍ത്തി ആരാധകര്‍ പ്രതിഷേധിച്ചിരുന്നു.

ഐപിഎല്ലിനുശേഷം ഇന്നലെ വീണ്ടും കോലിയും നവീനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പഴയ പോരാട്ടചൂട് പുറത്തെടുക്കാനല്ല, നവീന്‍ ഉള്‍ ഹഖിനെ ചേര്‍ത്തു നിര്‍ത്താണ് വിരാട് കോലി ശ്രമിച്ചത്. ഇന്നലെ അഫ്ഗാനായി നവീന്‍ ബാറ്റ് ചെയ്യാന്‍ എത്തിയപ്പോഴും, പിന്നീട് പന്തെറിയാന്‍ എത്തിയപ്പോഴും ആരാധകര്‍ കോലി ചാന്‍റ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ നവീനെതിരെ കോലി ചാന്‍റ് ഉയര്‍ത്തിയ ആരാധകരോട് നിശബ്ദരാവാന്‍ കോലി ആവശ്യപ്പെട്ടു. പിന്നീട് മത്സരത്തിനിടെ നവീനെ ആശ്ലേഷിച്ചും കുശലം പറഞ്ഞും കോലി തങ്ങള്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി.

Scroll to load tweet…

ഇതിന് പിന്നാലെ നവീന്‍ ഉള്‍ ഹഖിനെ ചേര്‍ത്തു പിടിച്ച കോലിയെ അഭിനന്ദിച്ച് ഗൗതം ഗംഭീറും രംഗത്തെത്തി. ഗ്രൗണ്ടില്‍ പോരടിച്ചോളു, ഗ്രൗണ്ടിന് പുറത്ത് അത് വേണ്ടെന്നായിരുന്നു സ്റ്റാര്‍ സ്പോര്‍ട്സിലെ കമന്‍ററിക്കിടെ ഗംഭീറിന്‍റെ വാക്കുകള്‍. എല്ലാ കളിക്കാര്‍ക്കും ഗ്രൗണ്ടില്‍ അവരുടെ ടീമിന് വേണ്ടി പല്ലും നഖവും ഉപയോഗിച്ച് പോരാടാന്‍ അവകാശമുണ്ട്. അതില്‍ ഏത് രാജ്യക്കാരനെന്നോ എത്ര മികച്ച കളിക്കാരനെന്നോ വ്യത്യാസമില്ല. ഇന്ത്യ-അഫ്ഗാന്‍ പോരാട്ടത്തിനിടെ വിരാട് കോലിയും നവീന്‍ ഉള്‍ ഹഖും പരസ്പരം ആശ്ലേഷിച്ച് കുശലം പറയുന്നത് കണ്ടപ്പോള്‍ അവര്‍ തമ്മിലുള്ള പോരാട്ടം അവസാനിച്ചത് നല്ലകാര്യമായാണ് ഞാന്‍ കാണുന്നത്.

ഗില്ലിനെ ഡെങ്കിപ്പനി ചതിച്ചു; റാങ്കിംഗിൽ ബാബർ തന്നെ നമ്പർ വൺ; ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ കിങ് കോലിയും

ആരാധകരോട് നവീനെ കളിയാക്കരുതെന്ന് കോലി പറഞ്ഞത് വലിയ കാര്യമാണ്. അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങളില്‍ ആരാധകര്‍ നവീനെ പരഹസിക്കില്ലെന്ന് കരുതാം.കാരണം, എല്ലാവരും ഒരുപാട് ത്യാഗം സഹിച്ചാണ് ഗ്രൗണ്ടിലിറങ്ങുന്നത്. നവീനെ സംബന്ധിച്ചിടത്തോളം അഫ്ഗാന്‍ പോലൊരു രാജ്യത്തുനിന്ന് ആദ്യമായി ഐപിഎല്‍ കളിക്കാനെത്തുക എന്നത് വലിയ കാര്യമാണ്. അതുകൊണ്ട് കളിക്കാരെ നിങ്ങള്‍ക്ക് വേണമെങ്കില്‍ പിന്തുണക്കാം. പക്ഷെ പരിഹസിക്കരുതെന്നും ഗംഭീര്‍ പറഞ്ഞു.

Scroll to load tweet…

അഫ്ഗാനെതിരെ 273 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി(131) കരുത്തില്‍ 35 ഓവറിലാണ് ലക്ഷ്യത്തിലെത്തിയത്. ഇഷാന്‍ കിഷന്‍ 47 റണ്‍സടിച്ചപ്പോള്‍ വിരാട് കോലി 55 റണ്‍സും ശ്രേയസ് അയ്യര്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു. 14ന് പാകിസ്ഥാനെതിരെ അഹമ്മദാബാദിലാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക