കഴിഞ്ഞ മാസം അവസാനിച്ച ഏകദിന ലോകകപ്പില്‍ രോഹിത് വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചതോടെ അടുത്ത ടി20 ലോകകപ്പിലും രോഹിത് തന്നെ ഇന്ത്യയെ നയിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
ദില്ലി: അടുത്ത വര്‍ഷം ടി20 ലോകകപ്പിലും ഇന്ത്യയെ രോഹിത് ശര്‍മ നയിക്കുമോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന,ടി20 പരമ്പരകളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന രോഹിത് ശര്‍മ ടെസ്റ്റ് പരമ്പരയില്‍ മാത്രമാണ് കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിനുശേഷം രോഹിത്തും കോലിയും ഇന്ത്യക്കായി ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ല.
എന്നാല്‍ കഴിഞ്ഞ മാസം അവസാനിച്ച ഏകദിന ലോകകപ്പില്‍ രോഹിത് വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചതോടെ അടുത്ത ടി20 ലോകകപ്പിലും രോഹിത് തന്നെ ഇന്ത്യയെ നയിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ലോകകപ്പിനിടെ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതിനാല്‍ ഇരുവരുടെയും അഭാവത്തില്‍ ഓസ്ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുന്നത്. ഇതോടെ അടുത്ത ലോകകപ്പില്‍ ആരാകും ഇന്ത്യയെ നയിക്കുക എന്ന ആശയക്കുഴപ്പവും ഉയര്‍ന്നു കഴിഞ്ഞു.
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ, വീണ്ടും മഴ ചതിക്കുമോ?; കാലാവസ്ഥാ റിപ്പോര്‍ട്ട്
ഇതിനിടെയാണ് ആരാകണം ക്യാപ്റ്റനെന്ന കാര്യത്തില്‍ ഗംഭീര്‍ നിലപാട് അറിയിച്ചത്. ലോകകപ്പ് ടീമിന്‍റെ ക്യാപ്റ്റനെയല്ല, കളിക്കാരെ ആണ് ആദ്യം തീരുമാനിക്കേണ്ടതെന്ന് ഗംഭീര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. രോഹിത്തിനെ ക്യാപ്റ്റനാക്കി നേരത്തെ തീരുമാനിക്കുകയും രോഹിത് ഫോം ഔട്ടാവുകയും ചെയ്താല്‍ എന്തു ചെയ്യും. ക്യാപ്റ്റനല്ല, പ്രധാനം, ടീമാണ്. അതുകൊണ്ട് ടി20 ലോകകപ്പിനുള്ള ടീമിനെയാണ് ആദ്യം തെരഞ്ഞെടുക്കേണ്ടതെന്നും ലോകകപ്പിന് മുമ്പ് ഐപിഎല്‍ ഉള്ളതിനാല്‍ ഐപിഎല്ലില്‍ മികവ് കാട്ടുന്ന താരങ്ങളെയും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാമെന്നും ഗംഭീര്‍ പറഞ്ഞു.
രോഹിത് ശര്‍മയുടെ ടി20 ഭാവി സംബന്ധിച്ച് ബിസിസഐ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. യുവതാരങ്ങള്‍ നിരവധി പേര്ല്‍ അവസരത്തിനായി ക്യൂ നില്‍ക്കുന്നതിനാല്‍ വിരാട് കോലിക്ക് അടുത്ത ടി20 ലോകകപ്പില്‍ സ്ഥാനമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പിന് മുമ്പ് നടക്കുന്ന ഐപിഎല്ലാകും ഇരുവരുടെ ലോകകപ്പ് ടീമിലെ സ്ഥാനം സംബന്ധിച്ച് നിര്‍ണായകമാകുക.
