ദില്ലി: ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂളായിരുന്നു ധോണി. ഏത് സമ്മര്‍ദ്ദഘട്ടത്തിലും ശാന്തമായ മുഖഭാവത്തോടെ ടീമിനെ നയിക്കുന്ന ധോണി വിജയങ്ങളില്‍ അമിത ആഹ്ളാദം പുറത്തെടുക്കുന്നത് കാണുന്നതും അപൂര്‍വമാണ്. അതിനാല്‍ തന്നെ ആരാധകര്‍ സ്നേഹത്തോടെ ധോണിയെ ക്യാപ്റ്റന്‍ കൂളെന്ന് വിളിച്ചു. എന്നാല്‍ ആരാധകര്‍ കരുതുന്നതുപോലെ അത്ര കൂളായിരുന്നില്ല ധോണി എന്ന് വെളിപ്പെടുത്തുകയാണ് സഹതാരമായിരുന്ന ഗൗതം ഗംഭീര്‍.

സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ധോണിയും പൊട്ടിത്തെറിച്ച നിമിഷങ്ങളുണ്ടെന്ന് ഗംഭീര്‍ തുറന്നുപറഞ്ഞത്. ആളുകള്‍ പറയാറുണ്ട്, ധോണി ദേഷ്യപ്പെടുന്നത് കാണാറേയില്ല, എപ്പോഴും കൂളാണെന്ന്. എന്നാല്‍ ഞാന്‍ ഒന്നില്‍ക്കൂടുതല്‍ തവണ ധോണി ചൂടാവുന്നതിന് സാക്ഷിയായിട്ടുണ്ട്. 2007ലെയും 2011ലെയും ലോകകപ്പ് മത്സരങ്ങളില്‍ ഞങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കാതിരുന്നപ്പോഴായിരുന്നു അത്. എന്നാല്‍ ധോണിയും മനുഷ്യനാണെന്നും അദ്ദേഹത്തിന് വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.

Also Read:നീയെന്നെ വിഡ്ഢിയാക്കാൻ ശ്രമിക്കരുത്; ധോണിയുടെ കലിപ്പൻ വാക്കുകൾ മുന്നിൽ അന്നെനിക്ക് ഉത്തരമുണ്ടായിരുന്നില്ല: ഷമി

ചെന്നൈയെ നയിക്കുമ്പോള്‍ പോലും ക്യാച്ച് വിട്ടാലോ മിസ് ഫീല്‍ഡ് ചെയ്താലോ ധോണി ചൂടാവാറുണ്ട്.  എങ്കിലും ധോണി തന്റെ അത്രയും ചൂടനല്ലെന്നും മറ്റ് ക്യാപ്റ്റന്‍മാരെ അപേക്ഷിച്ച് കൂളാണെന്നും ഗംഭീര്‍ പറഞ്ഞു.

ധോണി തന്നോടും ഒരിക്കല്‍ ചൂടായിട്ടുണ്ടെന്ന് ഷോയില്‍ പങ്കെടുത്ത ഇര്‍ഫാന്‍ പത്താനും പറഞ്ഞു. 2006-2007ല്‍ ബാറ്റിംഗ് പരിശീലനത്തിനിടെയായിരുന്നു അത്. ടീം അംഗങ്ങളെ രണ്ടായി തിരിച്ചായിരുന്നു പരിശീലനം. ഇടം കൈയന്‍മാര്‍ വലം കൈയന്‍മാരായും വലം കൈയന്‍മാര്‍ ഇടം കൈയന്‍മാരായും ബാറ്റ് ചെയ്യണം. ധോണി പുറത്തായപ്പോള്‍ ഞാനായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഞാന്‍ എത്താന്‍ താമസിച്ചുപോയി. ഇതിന് ധോണി തന്നോട് ചൂടായെന്നും പത്താന്‍ പറഞ്ഞു. അടുത്തിടെ കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും ധോണി ചൂടായതിനെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

Also Read:'എനിക്ക് വട്ടാണെന്നാണോ നീ കരുതുന്നത്'; ധോണി പൊട്ടിത്തെറിച്ച നിമിഷം ഓര്‍ത്തെടുത്ത് കുല്‍ദീപ് യാദവ്