കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂളാണ് എം എസ് ധോണി എന്നാണ് ആരാധകര്‍ കരുതുന്നത്. ഏത് സമ്മര്‍ദ്ദഘട്ടത്തിലും കൂളായി നില്‍ക്കുന്ന ധോണിയെ മാത്രമാണ് ആരാധകര്‍ കാണാറുള്ളത്. എന്നാല്‍ പരിധിവിട്ടാല്‍ ക്യാപ്റ്റന്‍ കൂളും ചൂടാവുമെന്ന് തുറന്നു പറയുകയാണ ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ്. ഇന്‍സ്റ്റഗ്രാം ക്രിക്കറ്റ് ചാറ്റ് ഷോയിലായിരുന്നു കുല്‍ദീപ് ധോണി പൊട്ടിത്തെറിച്ച നിമിഷം ഓര്‍ത്തെടുത്തത്.

ഇന്‍ഡോറില്‍ ശ്രീലങ്കക്കെതിരെ നടന്ന ടി20 മത്സരത്തിലായിരുന്നു അത്. കുശാല്‍ പെരേരയായിരുന്നു അപ്പോള്‍ ക്രീസില്‍. എന്റെ ഒരു പന്ത് കുശാല്‍ഡ പേരേര കവറിന് മുകളിലൂടെ ബൌണ്ടറി കടത്തി. അപ്പോള്‍ തന്നെ ഫീല്‍ഡിംഗ് മാറ്റാന്‍ ധോണി എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ ഞാനതിന് തയാറായില്ല. അടുത്ത പന്തില്‍ റിവേഴ്സ് സ്വീപ്പിലൂടെ കുശാല്‍ പേരേര വീണ്ടും ബൌണ്ടറി നേടി. 

ഈ സമയത്താണ് വിക്കറ്റിന് പിന്നില്‍ നിന്ന് അടുത്തേക്കുവന്ന ധോണി പതിവില്ലാത്തവിധം ചൂടായത്. എനിക്കെന്താ വട്ടാണെന്നാണോ നീ കരുതുന്നത്. 300 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട് ഞാന്‍. എന്നിട്ടും നിനക്ക് ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ പറ്റില്ലേ എന്നായിരുന്നു ധോണി ദേഷ്യത്തോടെ ചോദിച്ചത്. ഞാന്‍ ശരിക്കും പേടിച്ചുപോയി. ആ കളി നമ്മള്‍ ജയിച്ചു. പക്ഷെ മത്സരത്തിനുശേഷവും എനിക്ക് ധോണിക്ക് അടുത്തേക്ക് പോവാന്‍ പേടിയായിരുന്നു.

തിരിച്ച് ഹോട്ടലിലേക്കുള്ള യാത്രയില്‍ ടീം ബസില്‍വെച്ച് ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ ധോണി ഭായിയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ചോദിച്ചു, എപ്പോഴും ഇങ്ങനെ ദേഷ്യപ്പെടാറുണ്ടോ എന്ന്, അതിന് ധോണി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ ദേഷ്യപ്പെടാറില്ല. പക്ഷെ പരിചയസമ്പത്തുള്ളവര്‍ പറഞ്ഞാല്‍ അനുസരിക്കണം. അത് അനുസരിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ചീത്ത വിളിക്കും. അത് ദേഷ്യം കൊണ്ടല്ല.

Also Read: ധോണിയുടെ പരിചയസമ്പത്ത് ടീം ഇന്ത്യ മിസ് ചെയ്യുന്നു; തുറന്നുപറഞ്ഞ് കുല്‍ദീപ് യാദവ്

നീ എന്റെ യഥാര്‍ത്ഥ ദേഷ്യം ഇതുവരെ കണ്ടിട്ടില്ല. രഞ്ജി മത്സരങ്ങളില്‍ കളിക്കുമ്പോള്‍ ഞാന്‍ ശരിക്കും ദേഷ്യപ്പെടാറുണ്ടായിരുന്നു. അതൊന്നും നീ കണ്ടിട്ടില്ല. ഇന്ത്യക്കായി കളിക്കുമ്പോഴും പലപ്പോഴും പലരോടും ദേഷ്യം തോന്നിയിട്ടുണ്ടെങ്കിലും അതൊന്നും പ്രകടിപ്പിക്കുകയോ പറയുകയോ ചെയ്തിട്ടില്ലെന്ന് ധോണി പറഞ്ഞുവെന്നും കുല്‍ദീപ് വ്യക്തമാക്കി.