രാഹുല്‍ ടീമില്‍ നിന്ന് പുറത്തായത് മോശം ഫോം കാരണമല്ലെന്നും പരിക്ക് മൂലമാണെന്നും മാച്ച് വിന്നറാണെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള രാഹുല്‍ തിരിച്ചെത്തിയാല്‍ സ്വാഭാവികമായും പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നും കൈഫ് പറഞ്ഞു.
പല്ലെക്കെല്ലെ: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ ആവേശപ്പോരാട്ടം മഴ കൊണ്ടുപോയെങ്കിലും അര്‍ധസെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിംഗ്സിനെ താങ്ങി നിര്‍ത്തിയത് ഇഷാന്‍ കിഷന്‍റെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും അര്‍ധസെഞ്ചുറികളായിരുന്നു. 81 പന്തില്‍ 82 റണ്‍സടിച്ച ഇഷാന്‍ കിഷന്‍ ആണ് 66-4 എന്ന സ്കോറിലേക്ക് തകര്‍ന്ന ഇന്ത്യയെ കരകയറ്റുന്നതില്‍ മുന്നില്‍ നിന്നത്. പാക് പേസര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ട ഇഷാന്‍ കിഷനില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട ഹാര്‍ദ്ദിക് പാണ്ഡ്യയും മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ 266 റണ്‍സെന്ന ഭേദപ്പെട്ട സ്കോറിലെത്തി.
എന്നാല്‍ പാക്കിസ്ഥാനെതിരെ തിളങ്ങിയെങ്കിലും കെ എല്‍ രാഹുല്‍ തിരിച്ചെത്തിയാല്‍ ഇഷാന്‍ കിഷന്‍ ടീമില്‍ നിന്ന് പുറത്താവുമെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സ്റ്റാര്‍ സ്പോര്‍ട്സില്‍ ഗൗതം ഗംഭീറുമായുള്ള ചര്‍ച്ചക്കിടെയായിരുന്നു കൈഫിന്‍റെ പരാമര്‍ശം. പാക്കിസ്ഥാനെതിരെ കിഷന്‍ തിളങ്ങിയതോടെ രാഹുല്‍ തിരിച്ചെത്തുമ്പോള്‍ എന്തു ചെയ്യുമെന്നതായിരുന്നു ചര്‍ച്ച.

എന്നാല്‍ കളിക്കാരന്‍റെ പേരല്ല ഫോമാണ് പ്രധാനമെന്ന് ഗംഭീര്‍ തിരിച്ചടിച്ചു. വിരാട് കോലിയും രോഹിത് ശര്‍മയും തുടര്‍ച്ചയായി നാല് അര്‍ധസെഞ്ചുറികള്‍ നേടി നില്‍ക്കുമ്പോള്‍ പരിക്കേറ്റ കളിക്കാരന്‍ തിരിച്ചെത്തിയാല്‍ ഇത്തരത്തില്‍ മാറ്റി നിര്‍ത്തുമോ എന്നും ഗംഭീര്‍ ചോദിച്ചു. നിലവിലെ ഫോമില്‍ പ്ലേയിംഗ് ഇലവനില്‍ തുടരാന്‍ കിഷന് എല്ലാ അവകാശവുമുണ്ട്. രാഹുലുമായുള്ള വ്യത്യാസം കുറച്ചു മത്സരങ്ങളെ കളിച്ചിട്ടുള്ളു എന്നതാണ്.
പരിക്ക് മൂലം പുറത്തായശേഷം തിരിച്ചെത്തുമ്പോഴേക്കും പകരക്കാരന്‍ മികച്ച പ്രകടനം നടത്തിയതിനാല്‍ ടീമില്‍ സ്ഥാനം നഷ്ടമായ നിരവധി കളിക്കാരുണ്ട്. ചിലര്‍ക്കൊക്കെ പിന്നീട് അവസരം കിട്ടിയെങ്കിലും പലര്‍ക്കും പിന്നീട് അവസരമേ കിട്ടിയില്ല. രാഹുല്‍ അഞ്ചാം നമ്പറില്‍ കഴിവു തെളിയിച്ച താരമാണ്. പക്ഷെ ഇതുവരെ കളിക്കാത്ത അഞ്ചാം നമ്പറിലിറങ്ങി പാക്കിസ്ഥാനെപ്പോലെ മികച്ചൊരു ബൗളിംഗ് നിരക്കെതിരെ റണ്‍സടിച്ച കിഷനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുകയാണ് വേണ്ടതെന്ന് ഗംഭീര്‍ പറഞ്ഞു.
