ബാബറിനെ പൊരിച്ച് ഗംഭീര്‍, പാക്കിസ്ഥാന്‍ പുറത്താകാന്‍ കാരണം മോശം ക്യാപ്റ്റന്‍സി
അതുപോലും ബാബര്‍ ചെയ്തില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ശ്രീലങ്കക്ക് അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണ്ടിവരുമായിരുന്നു. അത് നേടുക അത്ര എളുപ്പമായിരുന്നില്ല

കൊളംബോ: ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കെതിരായ നിര്‍ണായക സൂപ്പര്‍ ഫോര്‍ പോരാട്ടം തോറ്റ് പാക്കിസ്ഥാന്‍ ഫൈനല്‍ കാണാതെ പുറത്താവാന്‍ കാരണം ബാബര്‍ അസമിന്‍റെ ശരാശരി ക്യാപ്റ്റന്‍സി കൊണ്ടാണെന്ന് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ശ്രീലങ്കക്കെതിരെ ഫീല്‍ഡ് പ്ലേസ്‌മെന്‍റിലാണ് ബാബറിന് പിഴച്ചതെന്നും ഗംഭീര്‍ ക്രിക്കറ്റ് ടൈംസിനോട് പറഞ്ഞു.
അവസാന ഓവറുകളില്‍ സമന്‍ ഖാന്‍റ ഓവറിലും ഷഹീന്‍ അഫ്രീദിയുടെ ഓവറിലും ശ്രീലങ്ക മിഡ് ഓഫിന് മുകളിലൂടെ പന്ത് ഉയര്‍ത്തിയടിച്ച് ബൗണ്ടറികള്‍ നേടി. രണ്ട് പന്തുകളും സ്ലോ ബോളുകളായിരുന്നു. ഈ രണ്ട് പന്തുകളെറിയുമ്പോളും മിഡ് ഓഫ് ഫീല്‍ഡര്‍ സര്‍ക്കിളിനുള്ളിലായിരുന്നു. സ്ലോ ബോളുകള്‍ എറിയുമ്പോള്‍ മിഡ് ഓണും മിഡ് ഓഫും ബൗണ്ടറിയില്‍ നിര്‍ത്തി തേര്‍ഡ്മാന്‍ ഫീല്‍ഡറെ സര്‍ക്കിളിനുള്ളില്‍ നിര്‍ത്തുക എന്നത് അടിസ്ഥാന കാര്യമാണ്.
അതുപോലും ബാബര്‍ ചെയ്തില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ശ്രീലങ്കക്ക് അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണ്ടിവരുമായിരുന്നു. അത് നേടുക അത്ര എളുപ്പമായിരുന്നില്ല. അതുപോലെ വിക്കറ്റ് വീഴ്ത്താന്‍ ശ്രമിക്കുന്നതിന് പകരം ബാബര്‍ റണ്‍സ് വഴങ്ങാതെ സമ്മര്‍ദ്ദം ചെലുത്താനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. അതും പാക്കിസ്ഥാന്‍റെ തോല്‍വിയില്‍ നിര്‍ണായകമായെന്നും ഗംഭീര്‍ പറഞ്ഞു.
മികച്ചൊരു കൂട്ടുകെട്ട് പുരോഗമിക്കുമ്പോള്‍ ആറാം ബൗളറുടെ ക്വാട്ട പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷെ മത്സരം കൈയില്‍ നിന്ന് വഴുതിപോവാം. ലങ്കക്കായി സമരവിക്രമയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ പ്രധാന ബൗളറെ പന്തെറിയാന്‍ വിളിച്ച് കൂടുകെട്ട് പൊളിക്കാന്‍ ശ്രമിക്കണമായിരുന്നു. കാരണം ആ സമയത്ത് വിക്കറ്റെടുത്താലെ പാക്കിസ്ഥാന് ജയിക്കാന്‍ സാധ്യത ഉണ്ടായിരുന്നുളളു. ശ്രീലങ്ക മുഴുവന്‍ ഓവറും ബാറ്റ് ചെയ്താല്‍ അവര്‍ക്ക് ജയസാധ്യത കൂടുമെന്ന് ഉറപ്പായിരുന്നു. എങ്കിലും ടി20 ക്രിക്കറ്റിനെ അപേക്ഷിച്ച് ഏകദിനത്തില്‍ ബാബറിന്‍റെ ക്യാപ്റ്റന്‍സി കുറച്ചു കൂടി മെച്ചപ്പെട്ടതാണെന്നും ഗംഭീര്‍ പറഞ്ഞു.