Asianet News MalayalamAsianet News Malayalam

കുല്‍ദീപിന് പകരം നദീം; ഞെട്ടിയെന്ന് ഗംഭീര്‍, തഴയാന്‍ കാരണമിതോ?

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു മത്സരത്തില്‍ പോലും കുല്‍ദീപിന് ടീം ഇന്ത്യ അവസരം നല്‍കിയിരുന്നില്ല.

Gautam Gambhir surprised at Team India selection of Shahbaz Nadeem over Kuldeep Yadav
Author
Chennai, First Published Feb 5, 2021, 1:53 PM IST

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യ സ്‌പിന്നര്‍ കുല്‍ദീപ് യാദവിനെ മറികടന്ന് ഷഹ്‌ബാസ് നദീമിനെ കളിപ്പിച്ചത് അമ്പരപ്പിച്ചുവെന്ന് മുന്‍താരം ഗൗതം ഗംഭീര്‍. അക്ഷര്‍ പട്ടേലിന് പരിക്കേറ്റതോടെയാണ് ചെന്നൈ ടെസ്റ്റില്‍ കളിക്കാന്‍ നദീമിന് ടീം അവസരം നല്‍കിയത്. എന്നാല്‍ ഈ തീരുമാനത്തോട് തന്‍റെ വിയോജിപ്പ് പരസ്യമാക്കിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍. 

'കുല്‍ദീപിന് കുറച്ച് നിര്‍ഭാഗ്യമുണ്ട്. ഇംഗ്ലണ്ടിനെതിരെ ശരിക്കും കളിപ്പിക്കേണ്ടിയിരുന്നത് കുല്‍ദീപിനെയായിരുന്നു. ഇടംകൈയന്‍ റിസ്റ്റ് സ്‌പിന്നര്‍ ടീമിന് മുതല്‍ക്കൂട്ടാണ്. ഒരു മത്സരം പോലും കളിക്കാതെ താരം ടീമിനൊപ്പമുണ്ടായിരുന്നു(ഓസ്‌ട്രേലിയയില്‍). രണ്ടാമത്തേയോ മൂന്നാമത്തേയോ ടെസ്റ്റില്‍ കളിപ്പിക്കാനായി കാത്തിരിക്കേണ്ടതില്ലായിരുന്നു. റിസ്റ്റ് സ്‌പിന്നര്‍മാര്‍ മത്സരം മാറ്റിമറിക്കുന്നത് നമ്മള്‍ പലകുറി കണ്ടിട്ടുണ്ട്'.

കുല്‍ദീപ് പുറത്താകാന്‍ കാരണം ഇതോ?

'രണ്ട് സ്‌പിന്നര്‍മാരുമായാണ് ടീം ഇന്ത്യ കളിക്കുന്നത് എന്നതും അമ്പരപ്പിച്ചു. ഏഴ്, എട്ട് നമ്പറുകളില്‍ ബാറ്റിംഗ് കരുത്ത് കൂട്ടുന്നതിന് വേണ്ടിയാവാം ഇത്. ഏറെക്കാലമായി റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാത്ത ഇശാന്ത് ശര്‍മ്മ പ്ലേയിംഗ് ഇലവനിലെത്തിയത് അമ്പരപ്പിച്ചു' എന്നും ഗംഭീര്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു. ഏഴ്, എട്ട് നമ്പറുകളില്‍ ഓസ്‌ട്രേലിയയില്‍ ബാറ്റിംഗിലും തിളങ്ങിയ വാഷിംഗ്‌ടണ്‍ സുന്ദറിനും രവിചന്ദ്ര അശ്വിനുമാണ് ചെപ്പോക്കില്‍ ഇന്ത്യ അവസരം നല്‍കിയത്. 

അശ്വിനും ബുമ്രയും തുടങ്ങി, ആദ്യ സെഷന്‍ ഇന്ത്യയുടെ കയ്യില്‍; ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്‌ടം

നേരത്തെ, ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു മത്സരത്തില്‍ പോലും കുല്‍ദീപിന് ടീം ഇന്ത്യ അവസരം നല്‍കിയിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ അവസരം നല്‍കിയേക്കും എന്ന് പരിശീലകന്‍ രവി ശാസ്‌ത്രിയും നായകന്‍ അജിങ്ക്യ രഹാനെയും സൂചിപ്പിച്ചിരുന്നു. 

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കുല്‍ദീപ് യാദവിനെ കളിപ്പിക്കണമെന്ന് മുന്‍താരം ഇര്‍ഫാന്‍ പത്താനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. 'ഇടംകൈയന്‍ റിസ്റ്റ് സ്‌പിന്നര്‍മാരെ നമുക്ക് എപ്പോഴും ലഭിക്കില്ല. ആദ്യ ടെസ്റ്റിലോ രണ്ടാം മത്സരത്തിലോ അവസരം ലഭിച്ചാല്‍ അവന്‍ മികച്ച പ്രകടനം പുറത്തെടുക്കും എന്നുറപ്പാണ്. ഇംഗ്ലണ്ടിനെതിരായ ചരിത്രം നോക്കൂ...ലെഗ് സ്‌പിന്നര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധ്യതയേറെയാണ്. കുല്‍ദീപ് കളിക്കുമ്പോള്‍ പ്രതീക്ഷിക്കുന്നതും അതാണ്' എന്നായിരുന്നു പത്താന്‍റെ വാക്കുകള്‍. 

ശ്രീനാഥിന് ശേഷം ബുമ്ര; ഇന്ത്യന്‍ പേസറെ തേടി അപൂര്‍വനേട്ടം

Follow Us:
Download App:
  • android
  • ios