ദില്ലി: ഓസീസ് താരം സ്റ്റീവന്‍ സ്മിത്തിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഇന്ത്യക്കെതിരെ ആദ്യ ഏകദിനങ്ങളിലും താരം സെഞ്ചുറി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ ഓസീസ് ക്യാപ്റ്റനെ പുകഴ്ത്തി ഗംഭീര്‍ രംഗത്തെത്തിയത്. നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ വിര്‍ശിച്ചിരുന്നു ഗംഭീര്‍. എന്നാലിപ്പോള്‍ സ്മിത്തിനെ താരതമ്യപ്പെടുത്തിയിരിക്കുന്നതും കോലിയോട് തന്നെയാണ്.

കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്മിത്തിന്റെ സ്ഥാനം ഒട്ടും പിന്നിലല്ലെന്നാണ് ഗംഭീര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ... ''20ാം ഓവറില്‍ ക്രീസിലെത്തിയ സ്മിത്ത് 38 ഓവറുകള്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് സെഞ്ചുറി പൂര്‍ത്തിയാക്കി. 18 ഓവറിനുള്ളില്‍ സെഞ്ചുറി നേടുകയെന്ന് ചെറിയ കാര്യമല്ല. അതും ബാറ്റിങ് ഒരിക്കലും സുഖകരമല്ലാത്ത പിച്ചില്‍. തീര്‍ച്ചയായും ലോകോത്തര പ്രകടനമെന്ന് തന്നെ പറയേണ്ടിവരും. രണ്ട് സ്പിന്നര്‍മാരും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നുവെന്ന് ഓര്‍ക്കണം. 

സ്മിത്തിനെ പുറത്താക്കാന്‍ വഴി കണ്ടെത്തിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാകും. ഒരു തന്ത്രം കണ്ടെത്തിയില്ലെങ്കില്‍ ടെസ്റ്റ് പരമ്പരയില്‍ സ്മിത്ത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇതൊരു തുടക്കം മാത്രമായിട്ടാണ് എനിക്ക് തോന്നുന്നത്. കോലിയാണ് ലോകത്തെ മികച്ച ബാറ്റ്‌സ്മാന്‍ എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇനി അങ്ങനെയാണെങ്കില്‍ തന്നെ സ്മിത്ത് ഒട്ടും പുറകിലല്ല. ശരിയാണ്, കണക്കുകളില്‍ കോലി ഏറെ മുന്നിലാണ്. എന്നാല്‍ സ്മിത്തിന്റെ പ്രകടനം നോക്കൂ. അദ്ദേഹം ഒരുപാട് പിന്നിലല്ല.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസീസ് ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ അവസാന ഏകദിനം നാളെ കാന്‍ബറയില്‍ നടക്കും. ശേഷം മൂന്ന് ടി20 മത്സരങ്ങളും നാല് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയിലും ഇന്ത്യ കളിക്കും.