ഇക്കഴിഞ്ഞ ടി20 ലോകപ്പില്‍ ഹാര്‍ദിക് കളിച്ചെങ്കിലും ഫോമിലേക്ക് ഉയരാനായില്ല. പിന്നാലെ ടീമില്‍ നിന്ന് പുറത്ത്. പകരമെത്തിയ വെങ്കടേഷ് അയ്യര്‍ക്കും (Venkatesh Iyer) പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. ഇപ്പോള്‍ ടി20 ടീമില്‍ മാത്രമാണ് വെങ്കടേഷ് കളിക്കുന്നത്.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച ഓള്‍റൗണ്ടറായിരുന്നു ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya). എന്നാല്‍ പരിക്കും ഫിറ്റ്‌നെസ് ഇല്ലായ്മയും താരത്തിന് വിനയായി. പുറം വേദനയെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം താരത്തിന് സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. ഇക്കഴിഞ്ഞ ടി20 ലോകപ്പില്‍ ഹാര്‍ദിക് കളിച്ചെങ്കിലും ഫോമിലേക്ക് ഉയരാനായില്ല. പിന്നാലെ ടീമില്‍ നിന്ന് പുറത്ത്. പകരമെത്തിയ വെങ്കടേഷ് അയ്യര്‍ക്കും (Venkatesh Iyer) പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. ഇപ്പോള്‍ ടി20 ടീമില്‍ മാത്രമാണ് വെങ്കടേഷ് കളിക്കുന്നത്.

എന്നാല്‍ കപില്‍ ദേവിനെ പോലെ ഓള്‍റൗണ്ടറെ അന്വേഷിക്കുന്നത് ഇന്ത്യ നിര്‍ത്തണമെന്നാണ് മുന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''അന്താരാഷ്ട്ര ക്രിക്കറ്റെന്നാല്‍ താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള വേദിയാണെന്ന് കരുതരുത്. അത് സംഭവിക്കേണ്ടത് ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എ ടീമിലുമാണ്. വസ്തുത അംഗീകരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. രാജ്യത്തിനുവേണ്ടി കളിക്കാനിറങ്ങിയാല്‍ മുന്നോട്ട് പോകാനും മികച്ച പ്രകടനം നടത്താനും തയ്യാറായിരിക്കണം. നിങ്ങളെക്കൊണ്ട് സാധിക്കാത്ത ഒരു കാര്യത്തിനുവേണ്ടി ഒരുപാട് ശ്രമിക്കുകയല്ല വേണ്ടത്.'' ഗംഭീര്‍ വ്യക്തമാക്കി. 

''വിജയ് ശങ്കര്‍, ശിവം ദുബെ, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ക്കെല്ലാം സംഭവിച്ചതെന്നാണെന്ന് നമുക്കറിയാം. രഞ്ജി ട്രോഫിയില്‍ മികച്ച താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരൂ. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിച്ച് അവരില്‍ ഉറച്ച് നില്‍ക്കൂ. പെട്ടെന്ന് അവരെ ടീമില്‍ നിന്ന് മാറ്റരുത്.'' ഗംഭീര്‍ ഉപദേശിച്ചു. വരാനിരിക്കുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ഹാര്‍ദിക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റ്. നിലവിലെ ഇന്ത്യന്‍ ടീമില്‍ പാര്‍ട് ടൈം ബൗളര്‍മാരുടെ അഭാവം കാണാനുമുണ്ട്.

ഐപിഎല്ലില്‍ അഹമ്മദാബാദിന്റെ ക്യാപ്റ്റനാണ് ഹാര്‍ദിക്. ഈ സീസണില്‍ അദ്ദേഹത്തെ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയിരുന്നു. ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കുന്നതോടെ ഹാദിക് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.