ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഗുജറാത്തിന് തുടക്കത്തിലെ മിന്നും ഫോമിലുള്ള സായ് സുദര്‍ശനെ നഷ്ടമായിരുന്നു. 7 പന്തില്‍ 12 റണ്‍സെടുത്ത സുദര്‍ശനെ മുകേഷ് കുമാര്‍ ബൗള്‍ഡാക്കി.
ദില്ലി: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 211 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും ജോസ് ബട്‌ലര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍ എന്നിവരുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. 45 പന്തില്‍ 70 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. ബട്‌ലർ 27 പന്തില്‍ 52 റണ്‍സെടുത്തപ്പോള്‍ സുന്ദര്‍ 32 പന്തില്‍ 55 റണ്‍സെടുത്തു. ഡല്‍ഹിക്കായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റെടുത്തു.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഗുജറാത്തിന് തുടക്കത്തിലെ മിന്നും ഫോമിലുള്ള സായ് സുദര്‍ശനെ നഷ്ടമായിരുന്നു. 7 പന്തില്‍ 12 റണ്‍സെടുത്ത സുദര്‍ശനെ മുകേഷ് കുമാര്‍ ബൗള്‍ഡാക്കി. എന്നാല്‍ ക്രീസിലിത്തിയപാടെ തകര്‍ത്തടിക്കാന്‍ തുടങ്ങിയ ജോസ് ബട്‌ലര്‍ ഡല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കി. ബട്‌ലര്‍ തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ ഗുജറാത്ത് 67 റണ്‍സിലെത്തി. പവര്‍ പ്ലേക്ക് പിന്നാലെ മൂന്ന് സിക്സും അഞ്ച് സിക്സും പറത്തി 52 റണ്‍സെടുത്ത ബട്‌ലറെ കുല്‍ദീപ് യാദവ് മടക്കിയെങ്കിലും നാലാം നമ്പറിലിറങ്ങിയ സുന്ദറും ഗില്ലും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഗുജറാത്തിനെ മികച്ച സ്കോറിലേക്ക് നയിച്ചു. 60 പന്തില്‍ 104 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.
പതിനെട്ടാം ഓവറിലാണ് ഗില്ലിനെ ഗുജറാത്തിന് നഷ്ടമായത്. 45 പന്തില്‍ 70 റണ്‍സെടുത്ത ഗില്‍ നാലു ഫോറും അഞ്ച് സിക്സും പറത്തി. പിന്നാലെ ഐപിഎല്ലിലെ ആദ്യ അര്‍ധസെഞ്ചുറി തികച്ച സുന്ദറും പുറത്തായി. 9 പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്ന ഗ്ലെന്‍ ഫിലിപ്സാണ് പിന്നീട് ഗുജറാത്തിനെ 210 റണ്‍സിലെത്തിച്ചത്. ഡല്‍ഹിക്കായി മുകേഷ് കുമാര്‍ 55 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
