അയർലൻഡിനെതിരായ പരമ്പരയിൽ വൈഭവിനെ കളിപ്പിച്ചിരുന്നെങ്കിൽ അവൻ ഐറിഷ് ബൗളർമാരുടെ 'തുണിയുരിച്ചേനെ' എന്ന് ശാസ്ത്രി പറഞ്ഞു.
ലണ്ടൻ: കൗമാര താരം വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കാതിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാന വിമർശിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഐപിഎല്ലിലെ റെക്കോർഡ് പ്രകടനത്തിന് പിന്നാലെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടും 15-കാരൻ വൈഭവ് സൂര്യവംശിയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതെ ബെഞ്ചിലിരുത്തിയതാണ് ശാസ്ത്രിയെ ചൊടിപ്പിച്ചത്.
അയർലൻഡിനെതിരായ പരമ്പരയിൽ വൈഭവിനെ കളിപ്പിച്ചിരുന്നെങ്കിൽ അവൻ ഐറിഷ് ബൗളർമാരുടെ 'തുണിയുരിച്ചേനെ' എന്ന് ശാസ്ത്രി പറഞ്ഞു. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന വൈഭവിനെപ്പോലൊരു എക്സ്-ഫാക്ടർ താരത്തെ എന്തിനാണ് ബെഞ്ചിലിരുത്തി സമയം കളയുന്നതെന്നും ശാസ്ത്രി ചോദിച്ചു. ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടി20 മത്സരത്തിന് മുന്നോടിയായി സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ സംസാരിക്കവെയാണ് ശാസ്ത്രി മാനേജ്‌മെന്‍റിനെതിരെ രൂക്ഷമായി വിമര്‍ശിച്ചത്. അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലും സഞ്ജു സാംസണും അഭിഷേക് ശർമ്മയുമാണ് ഇന്ത്യക്കായി ഓപ്പൺ ചെയ്തത്.
വൈഭവിനെ അയർലൻഡിനെതിരെ തന്നെ കളിക്കണമായിരുന്നു. അവിടുത്തേത് സ്ലോ ആയ, സ്പോഞ്ചി ട്രാക്കുകളായിരുന്നു. ഗ്രൗണ്ട് ചെറുതുമാണ്. അവൻ ഐറിഷ് ബൗളർമാരെ അടിച്ച് സ്റ്റേഡിയത്തിന്‍റെ മേൽക്കൂരയിൽ എത്തിക്കുമായിരുന്നു. അവൻ അവരുടെ തുണിയുരിച്ചേനെ. അവിടെ അവൻ എന്തായാലും കളിക്കേണ്ടതായിരുന്നു. ഇനിയിപ്പോൾ ഇംഗ്ലണ്ടിൽ അവന് അവസരം കിട്ടുമോ എന്ന് എനിക്കറിയില്ല. അവനെ എത്രയും പെട്ടെന്ന് ടീമിൽ ഉൾപ്പെടുത്തൂ. ഐപിഎല്ലിൽ അവൻ എല്ലാവരെയും തല്ലിച്ചതച്ചതാണ്. ഏത് ലോകോത്തര ഫാസ്റ്റ് ബൗളറെയാണ് അവൻ വെറുതെ വിട്ടത്. എന്നിട്ടാണ് നിങ്ങളവനെ ബെഞ്ചിലിരുത്തി വെള്ളം ചുമപ്പിക്കുന്നത്-ശാസ്ത്രി പറഞ്ഞു.
ആരും പ്രതീക്ഷിക്കാത്ത വൻ അട്ടിമറിയിലാണ് അയർലൻഡിനെതിരായ ടി20 പരമ്പര ഇന്ത്യ 2-0 ന് കൈവിട്ടത്. മൂന്ന് വട്ടം ലോകചാമ്പ്യന്മാരായ ഇന്ത്യയെ ചരിത്രത്തിലാദ്യമായാണ് അയർലൻഡ് ഒരു പരമ്പരയിൽ തോൽപ്പിക്കുന്നത്. എന്നിട്ടും വൈഭവിനെ പുറത്തിരുത്തിയതിനെ ശാസ്ത്രി ശക്തമായി എതിർത്തു. അണ്ടർ-19 ലോകകപ്പ് ഫൈനലിൽ 175 റൺസ് അടിച്ചുകൂട്ടി ഇന്ത്യയെ കിരീടത്തിലേക്ക് നവിച്ച വൈഭവ്, തൊട്ടുപിന്നാലെ നടന്ന ഐപിഎൽ 2026-ൽ 776 റൺസോടെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവംശി.
പരാജയങ്ങളിൽ തളരാതെ അടുത്ത പന്തിൽ സിക്സറടിക്കാൻ ശേഷിയുള്ള വൈഭവിന്‍റെ മാനസിക കരുത്തിനെയും ശാസ്ത്രി പ്രശംസിച്ചു. അവന് മുൻകാല പരാജയങ്ങളുടെ യാതൊരു ഭാരവുമില്ല. വെറും 15 വയസേയുള്ളൂ, ആ യുവത്വത്തിന്‍റെ പ്രസരിപ്പ് അവനുണ്ട്. അവന് ഒന്നിനെയും പേടിയില്ല. ആദ്യത്തെ 2-3 ഓവർ അവൻ ക്രീസിൽ നിന്നാൽ മിഡിൽ ഓർഡറിന് തകർപ്പൻ അടിത്തറയാകും ലഭിക്കുക. അവന് വേണ്ടി ടീമിൽ ഇടം കണ്ടെത്തിയേ മതിയാകൂവെന്നും ശാസ്ത്രി വ്യക്തമാക്കി.
