44 പന്തില്‍ 61 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. വാഷിംഗ്ടണ്‍ സുന്ദര്‍ 33 പന്തില്‍ 50 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായി.
അഹമ്മദാബാദ്: ഐപിഎല്ലില്‍ മുന്‍നിരക്കാരുടെ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഓപ്പണർ സായ് സുദര്‍ശന്‍റെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 44 പന്തില്‍ 61 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. വാഷിംഗ്ടണ്‍ സുന്ദര്‍ 33 പന്തില്‍ 50 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായപ്പോള്‍ നിഷാന്ത് സിന്ധു 14 പന്തില്‍ 22 റണ്‍സെടുത്തു. ഹൈദരാബാദിനായി പ്രഫുല്‍ ഹിംഗെ 17 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ സാക്കിബ് ഹുസൈന്‍ 37 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ഗില്ലിന് നിരാശ, തുടക്കം പാളി
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഗുജറാത്തിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന് വീണുകിട്ടിയ ഭാഗ്യം മുതലാക്കാനായില്ല. മൂന്നാം ഓവറില്‍ 7 പന്തില്‍ 5 റണ്‍സെടുത്ത ഗില്ലിനെ പ്രഫുല്‍ ഹിംഗെയുടെ പന്തില്‍ ഹെന്‍റിച്ച് ക്ലാസന്‍ ക്യാച്ചെടുത്ത് പുറത്താക്കി. മൂന്നാം നമ്പറിലിറങ്ങിയ ജോസ് ബട്‌ലര്‍ക്കും കാര്യമായി ഒന്നും ചെയ്യാനാവാഞ്ഞതോടെ പവര്‍ പ്ലേയില്‍ ഗുജറാത്ത് കിതച്ചു. 11 പന്തില്‍ 7 റണ്‍സെടുത്ത ബട്‌ലറെ പ്രഫുല്‍ ഹിംഗെ ഇഷാന്‍ കിഷന്‍റെ കൈകളിലെത്തിച്ചു. നിഷാന്ത് സിന്ധുവും സായ് സുദര്‍ശനും ചേര്‍ന്ന് ഗുജറാത്തിനെ പവര്‍ പ്ലേ കടത്തിയെങ്കിലും പത്താം ഓവറില്‍ സിന്ധു വീണു. 14 പന്തില്‍ 22 റണ്‍സെടുത്ത സിന്ധുവിനെ നായകന്‍ പാറ്റ് കമിന്‍സാണ് മടകിയത്. സുദര്‍ശനും സുന്ദറും ചേര്‍ന്നുള്ള 60 റണ്‍സ് കൂട്ടുകെട്ടാണ് പിന്നീട് ഗുജറാത്തിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്.
അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുമെന്ന് കരുതിയ സുദര്‍ശനെ സാക്കിബ് ഹുസൈന്‍ മടക്കിയെങ്കിലും അവസാന ഓവര്‍ വരെ പൊരുതിയ സുന്ദറിന്‍റെ പോരാട്ടം സ്ലോ പിച്ചില്‍ ഗുജറാത്തിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു. 10 പന്തില്‍ 11 റണ്‍സുമായി ജേസണ്‍ ഹോള്‍ഡറും ഒരു പന്തില്‍ നാലു റണ്ണുമായി രാഹുല്‍ തെവാത്തിയയും പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. പതിനൊന്ന് കളിയിൽ 14 പോയിന്‍റ് വീതമുളള്ള സണ്‍റൈസേഴ്സ് പോയിന്‍റ് പട്ടികയില്‍ രണ്ടാമതും ഗുജറാത്ത് മൂന്നാമതുമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പ്ലേ ഓഫ് ബര്‍ത്ത് ഏതാണ്ടുറപ്പിക്കാം.
