ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനായി വാഷിംഗ്ടണ്‍ സുന്ദര്‍ 37 പന്തില്‍ 50 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാസിക് സലാം ദര്‍, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് തകര്‍ത്തത്. എട്ട് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. 37 പന്തില്‍ പുറത്താവാതെ 50 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് (10) തിളങ്ങാന്‍ കഴിഞ്ഞില്ല.
മോശം തുടക്കമായിരുന്നു ഗുജറാത്തിന്. 26 റണ്‍സിനിടെ ഓപ്പണര്‍മാരായ സായ് സുദര്‍ശന്‍ (12), ശുഭ്മാന്‍ ഗില്‍ (10) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് നിശാന്ത് സിന്ധു (20) - ജോസ് ബട്‌ലര്‍ (19) സഖ്യം 29 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സിന്ധുവിനെ പുറത്താക്കി റാസിഖ് ആര്‍സിബിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നാലെ ബട്‌ലറെ, ക്രുനാല്‍ പാണ്ഡ്യയും മടക്കി. തുടര്‍ന്ന് വന്ന അര്‍ഷദ് ഖാന്‍ (15), രാഹുല്‍ തെവാട്ടിയ (7), ജേസണ്‍ ഹോള്‍ഡര്‍ (7), റാഷിദ് ഖാന്‍ (7) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. കഗിസോ റബാദ (3) സുന്ദറിനൊപ്പം പുറത്താവാതെ നിന്നു. 37 പന്തുകള്‍ നേരിട്ട സുന്ദര്‍ അഞ്ച് ബൗണ്ടറികള്‍ നേടി.
അവസാനം കളിച്ച മത്സരത്തില്‍ നിന്ന് മാറ്റമില്ലാതെയാണ് ആര്‍സിബി ഇറങ്ങുന്നത്. ഒരു മാറ്റുവായിട്ടാണ് ഗുജറാത്ത് വരുന്നത്. സായ് കിഷോറിന് പകരം അര്‍ഷദ് ഖാനെ ടീമില്‍ ഉള്‍പ്പെടുത്തി. ആര്‍സിബിയുടെ ബാറ്റിങ് യൂണിറ്റിനെ തുടക്കത്തിലേ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ടൈറ്റന്‍സ്. സീസണിലാകെ 46 വിക്കറ്റ് നേടിയ സിറാജ്-റബാഡ പേസ് സഖ്യത്തിന്റെ ഓപ്പണിങ് സ്‌പെല്‍ നിര്‍ണായകമാകും. പിന്നാലെ ഹോള്‍ഡറും പ്രസിദ്ധും റാഷിന് ഖാനും ചേരുന്നത് ആര്‍സിബിക്ക് തലവേദനയാകും.
ലീഗില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകള്‍ക്കും ഒരോ ജയം വീതം. ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ ആര്‍സിബി വീഴ്ത്തിയത് 33 പന്തില്‍ 93 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ വണ്‍ മാന്‍ ഷോയുടെ ബലത്തിലായിരുന്നു.

