ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീർ, ടി20 ലോകകപ്പിന് ടീം ഇനിയും സജ്ജമായിട്ടില്ലെന്ന് വ്യക്തമാക്കി. ഓപ്പണിംഗിൽ ശുഭ്മാൻ ഗിൽ തുടരുമെങ്കിലും ബാറ്റിംഗ് ഓർഡറിൽ പരീക്ഷണങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

കൊല്‍ക്കത്ത: അടുത്ത വര്‍ഷത്തെ ട്വന്റി 20 ലോകകപ്പിന് ഇന്ത്യന്‍ ടീം സജ്ജമായിട്ടില്ലെന്ന് കോച്ച് ഗൗതം ഗംഭീര്‍. ബാറ്റിംഗ് ഓര്‍ഡറില്‍ പരീക്ഷണങ്ങള്‍ തുടരുമെന്നും ഗംഭീര്‍ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര നേടിയെങ്കിലും ഇന്ത്യന്‍കോച്ച് ഗൗതം ഗംഭീര്‍ തൃപ്തനല്ല. ട്വന്റി 20 ലോകകപ്പിന് മുന്‍പ് പത്ത് മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ ടീമിന് ഒരുങ്ങാന്‍ വേണ്ടത്ര അവസരം കിട്ടുമെന്നാണ് ഗംഭീറിന്റെ പ്രതീക്ഷ. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടു വീഴ്ച ഉണ്ടാവില്ല. ഓപ്പണിംഗില്‍ ഒഴികെ പരീക്ഷണങ്ങള്‍ തുടരുമെന്നും ഗംഭീര്‍. ലോകകപ്പിനൊപ്പം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരന്പരയും ഇന്ത്യക്ക് നിര്‍ണായകം.

ഒരു പരമ്പര കൈവിട്ടിട്ട് വ്യക്തിഗത നേട്ടം ആഘോഷിക്കാനാവില്ലെന്നും ഗംഭീര്‍. വ്യക്തിഗത നേട്ടങ്ങളിലല്ല താന്‍ വിശ്വസിക്കുന്നതെന്നും ടീമിന്റെയും രാജ്യത്തിന്റെയു നേട്ടത്തിലാണെന്നും ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ തോറ്റെങ്കിലും ഒരു സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടിയ മുന്‍ നായകന്‍ രോഹിത് ശര്‍മ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏകദിന റണ്‍വേട്ടയില്‍ ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ തോറ്റപ്പോള്‍ മൂന്നാം മത്സരത്തില്‍ രോഹിത് അപരാജിത സെഞ്ചുറിയും വിരാട് കോലി അപരാജി അര്‍ധസെഞ്ചുറിയും നേടി ഇന്ത്യക്ക് ആശ്വാസജയം സമ്മാനിച്ചു. രോഹിത്തിന്റെയോ കോലിയുടെയോ പേരെടുത്ത് പറയാതെയാണ് ഗംഭീറിന്റെ പരാമര്‍ശമെങ്കിലും ആരാധകര്‍ ഇത് വലിയ ചര്‍ച്ചയാക്കുകും ചെയ്തു.

ഗംഭീറിന്റെ വാക്കുകള്‍... '' ഞാന്‍ ഒരുകാലത്തും വ്യക്തിഗത നേട്ടങ്ങളില്‍ വിശ്വസിക്കുന്ന ആളല്ല. വ്യക്തിഗത നേട്ടങ്ങളില്‍ എനിക്ക് സ്‌ന്തോഷമുണ്ട്. പക്ഷെ ആത്യന്തികമായി നമ്മള്‍ ഏകദിന പരമ്പര തോറ്റു. അതാണ് പ്രധാന കാര്യം. ഒരു പരമ്പര തോറ്റിട്ട് വ്യക്തിഗത നേട്ടത്തില്‍ സന്തോഷിക്കാന്‍ കോച്ച് എന്ന നിലയില്‍ എനിക്ക് കഴിയില്ല. അതേസമയം, വ്യക്തിഗത നേട്ടങ്ങളില്‍ ഞാന്‍ കളിക്കാരെ അഭിനന്ദിക്കാറുണ്ട്. പക്ഷെ പരമ്പര കൈവിട്ടിട്ടും വ്യക്തിഗത നേട്ടങ്ങളെ ആഘോഷിക്കാതിരിക്കുക എന്നത് ഒരു ടീം എന്ന നിലയിലും രാജ്യമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും നമ്മുടെ ധാര്‍മിക ഉത്തരവാദിത്തമാണെന്ന് ഞാന്‍ കരുതുന്നു. കാരണം, ആത്യന്തികമായി നമ്മള്‍ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്.'' ഗംഭീര്‍ പറഞ്ഞു.

YouTube video player