മൊഹാലി: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് തിരിച്ചടിയായി ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ പരിക്ക്. കൈമുട്ട് ശസ്ത്രക്രിയക്ക് വിധേയനാവുന്ന മാക്സ്‌വെല്ലിന് ആറാഴ്ച മുതല്‍ എട്ടാഴ്ച വരെ വിശ്രമം വേണ്ടിവരുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മാര്‍ച്ച് 23ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ആദ്യ മത്സരങ്ങളില്‍ മാക്സ്‌വെല്ലിന് കളിക്കാനാവില്ല.

ഐപിഎല്‍ രണ്ടാം വാരത്തിനുശേഷം മാത്രമെ താരം ടീമിനൊപ്പം ചേരു എന്നാണ് സൂചന. ബിഗ് ബാഷ് ലീഗില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന മാക്‌സ്‌വെല്ലിനെ 10.5 കോടി രൂപ നല്‍കിയാണ് കിംഗ്സ് ഇലവന്‍ പ‍ഞ്ചാബ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സീസണ്‍ ഐപിഎല്ലിലും മാക്സ്‌വെല്‍ കളിച്ചിരുന്നില്ല.

ശസ്ത്രക്രിയക്ക് വിധേയനാവുന്ന മാക്സ്‌വെല്ലിന് അടുത്ത ആഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനവും നഷ്ടമാവും.. മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഓസീസ് ടീമില്‍ നിന്ന് ഏതാനും മാസം വിട്ടുനിന്ന മാക്സ്‌വെല്‍ ബിഗ് ബാഷ് ലീഗിലൂടെയാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.

ബിഗ് ബാഷില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും മാക്സ്‌‌വെല്ലിനെ ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ഓസീസ് ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതിനെതിരെ വിമര്‍ശനമുയരുകയും ചെയ്തിരുന്നു.