മുംബൈ: സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് പേസര്‍മാരെ തെരഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് മക്‌ഗ്രാത്ത് നിലവില്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് പേസര്‍മാര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തിയത്.

ഏറ്റവും മികച്ച മൂന്ന് പേസര്‍മാര്‍ ആരൊക്കെയെന്ന ചോദ്യത്തിന് എല്ലാവരും ഓസ്ട്രേലിയക്കാരാണെന്നും ജോഷ് ഹേസല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമിന്‍സുമാണ് അവരെന്നുമായിരുന്നു മക്‌ഗ്രാത്തിന്റെ തമാശരൂപേണയുള്ള മറുപടി. എന്നാല്‍ ശരിക്കും പറഞ്ഞാല്‍ പാറ്റ് കമിന്‍സും ജസ്പ്രീത് ബുമ്രയും കാഗിസോ റബാദയുമാണ് സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരെന്ന് മക്‌ഗ്രാത്ത് പറഞ്ഞു. ന്യൂസിലന്‍ഡിന്റെ നീല്‍ വാഗ്നറെയും താന്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മക്‌ഗ്രാത്ത് വ്യക്തമാക്കി.

കരിയറിലെ അവസാന ടെസ്റ്റിലെ  അവസാന പന്തിലും ടി20 കരിയറിലെ അവസാന പന്തിലും വിക്കറ്റെടുത്തിട്ടുള്ള മക്‌ഗ്രാത്ത് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത പേസര്‍ കൂടിയാണ്.  2007ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മക്‌ഗ്രാത്ത് മൂന്ന് ഫോര്‍മാറ്റിലുമായി 941 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.