വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് കൂറ്റന്‍ വിജയലക്ഷ്യം. ഗ്ലെന്‍ ഫിലിപ്‌സിന്റെ സെഞ്ചുറിയുടെ (510 പന്തില്‍ 108) പിന്‍ബലത്തില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് ആതിഥേയര്‍ നേടിയത്. ഡേവോണ്‍ കോണ്‍വേ (37 പന്തില്‍ പുറത്താവാതെ 65) മികച്ച പ്രകടനം പുറത്തെടുത്തു. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ത്തിന് മുന്നിലാണ്.

എട്ട് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഫിലിപ്‌സിന്റെ ഇന്നിങ്‌സ്. 46 പന്തിലാണ് താരം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ടി20 ക്രിക്കറ്റില്‍ ന്യൂസിലന്‍ഡ് താരത്തിന്റെ വേഗത്തിലുള്ള സെഞ്ചുറിയാണിത്. ഫിലിപ്പ്‌സിനെ കൂടാതെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (34), ടിം സീഫെര്‍ട്ട് (18) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. 37 പന്തില്‍ നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടെയാണ് കോണ്‍വേ 65 റണ്‍സെടുത്തത്. ഫിലിപ്‌സിനൊപ്പം 184 റണ്‍സാണ് കോണ്‍വേ കൂട്ടിച്ചേര്‍ത്തത്. വിന്‍ഡീസിനായി ഒഷാനെ തോമസ്, ഫാബിയന്‍ അലന്‍, കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ രണ്ടിന് 51 എന്ന നിലയിലാണ് വിന്‍ഡീസ്. ഓപ്പണര്‍മാരായ ആന്ദ്രേ ഫ്‌ളെച്ചര്‍ (20), ബ്രന്‍ഡണ്‍ കിംഗ് (0) എന്നിവരാണ് മടങ്ങിയത്. കെയ്ല്‍ ജാമിസണ്‍ ഒരു വിക്കറ്റ് വീഴ്ത്തി. ഷിംറോണ്‍ ഹെറ്റ്മയേര്‍ (13), കെയ്ല്‍ മയേഴ്‌സ് (12) എന്നിവരാണ് ക്രീസില്‍.