ബുമ്രക്ക് കളിക്കാനാവാതെ വരുമ്പോഴും മുംബൈ ഇന്ത്യന്‍സിന് ഒരു സന്തോഷ വാർത്തയുണ്ട്
മുംബൈ: ഐപിഎല്‍ 2023 സീസണിന് മുമ്പ് മുംബൈ ഇന്ത്യന്‍സിനേറ്റ ഏറ്റവും വലിയ തിരിച്ചടി അവരുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രക്ക് പരിക്കേറ്റ് സീസണില്‍ കളിക്കാനാവില്ല എന്നതായിരുന്നു. മാസങ്ങളായി പരിക്ക് പിന്നാലെ പിടികൂടിയിരിക്കുന്ന ബുമ്രക്ക് ഇതുവരെ ഫിറ്റ്നസിലേക്ക് തിരിച്ചുവരാനായിട്ടില്ല. എന്നാല്‍ ബുമ്രക്ക് കളിക്കാനാവാതെ വരുമ്പോഴും മുംബൈ ഇന്ത്യന്‍സിന് ഒരു സന്തോഷ വാർത്തയുണ്ട്.
ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി എല്ലാ മത്സരങ്ങളിലും കളിക്കും എന്നാണ് റിപ്പോർട്ട്. നേരത്തെ പരിക്കിന്‍റെ പിടിയിലായിരുന്ന ആർച്ചർ പൂർണ ഫിറ്റ്നസ് വീണ്ടെടുത്തുകഴിഞ്ഞു. ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച ശേഷം പരിക്ക് വലയ്ക്കുകയായിരുന്ന ജോഫ്ര ആർച്ചറുടെ തിരിച്ചുവരവ് ഏറെ വൈകിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആർച്ചറിന് ഐപിഎല്‍ സീസണ്‍ പൂർണമായും കളിക്കാനാകും എന്ന് ഉറപ്പായിരിക്കുകയാണ്. ടൂർണമെന്‍റിനിടെ ആർച്ചറുടെ വർക്ക് ലോഡ് മുംബൈ ഇന്ത്യന്‍സും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡും ചേർന്ന് കൃത്യമായി നിരീക്ഷിക്കും.2020ന് ശേഷം ആർച്ചർ ഇന്ത്യന്‍ പ്രീമിയർ ലീഗ് കളിച്ചിരുന്നില്ല. ഐപിഎല്‍ 2021ന് തൊട്ടുമുമ്പ് കൈമുട്ടിന് പരിക്കേറ്റ് താരം ടൂർണമെന്‍റില്‍ നിന്ന് പുറത്താവുകയായിരുന്നു. ഫിറ്റ്നസ് പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴും എട്ട് കോടി രൂപ മുടക്കി മുംബൈ ഇന്ത്യന്‍സ് ആർച്ചറെ ലേലത്തില്‍ സ്വന്തമാക്കിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു. ആർച്ചർ തിരിച്ചെത്തുന്നത് മുംബൈ ടീമിന്‍റെ ഡെത്ത് ഓവർ ആക്രമണത്തിന് മൂർച്ച കൂട്ടും.
ബുമ്രക്ക് അഞ്ചാറ് മാസം നഷ്ടമായേക്കും
പരിക്ക് ഭേദമാകാത്തതിനാല്‍ ബുമ്രയോട് ശസ്ത്രക്രിയക്ക് വിധേയനാവാന്‍ ബിസിസിഐ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. 2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ജസ്‌പ്രീത് ബുമ്ര പുറംവേദനയുള്ളതായി പരാതിപ്പെടുന്നത്. ഇതിന് ശേഷം ബെംഗളൂവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ബുമ്ര പരിശീലനവും ചികില്‍സയും നടത്തിയെങ്കിലും ഫിറ്റ്നസ് വീണ്ടെടുക്കാനായില്ല. ഇതോടെ ബുമ്രയുടെ ഡോക്ടർമാരുമായി സംസാരിച്ച ശേഷം ബിസിസിഐയുടെ മെഡിക്കല്‍ സംഘം ശസ്ത്രക്രിയ എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. അങ്ങനെയെങ്കില്‍ ബുമ്രക്ക് വീണ്ടും അഞ്ച് മുതല്‍ ആറ് മാസം വരെ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും. വരാനിരിക്കുന്ന ഐപിഎല്ലിന് പുറമെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ജസ്പ്രീത് ബുമ്രക്ക് നഷ്ടമാകും എന്ന് ഉറപ്പായിട്ടുണ്ട്.
പരിക്ക് മാറുന്നേയില്ല; ശസ്‍ത്രക്രിയ നിർദേശിച്ച് ബിസിസിഐ, ബുമ്രയുടെ തിരിച്ചുവരവ് ഏറെ വൈകും
