2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ജസ്‌പ്രീത് ബുമ്ര പുറംവേദനയുള്ളതായി പരാതിപ്പെടുന്നത്

മുംബൈ: പരിക്കില്‍ നിന്ന് മുക്തനാവാത്ത പേസർ ജസ്പ്രീത് ബുമ്രയുടെ കാര്യത്തില്‍ നിർണായക നീക്കവുമായി ബിസിസിഐ. പരിക്ക് ഭേദമാകാത്തതിനാല്‍ ബുമ്രയോട് ശസ്ത്രക്രിയക്ക് വിധേയനാവാന്‍ ബിസിസിഐ ആവശ്യപ്പെട്ടതായാണ് ഇന്‍സൈഡ് സ്പോർടിന്‍റെ റിപ്പോർട്ട്. ബുമ്രയുടെ ഡോക്ടർമാരുമായി സംസാരിച്ച ശേഷമാണ് ബിസിസിഐയുടെ മെഡിക്കല്‍ സംഘം ഈ തീരുമാനത്തില്‍ എത്തിയത് എന്ന് റിപ്പോർട്ടില്‍ പറയുന്നു. പുറംവേദന കാരണം ഏഴ് മാസം ഇതിനകം ബുമ്രക്ക് നഷ്ടമായിക്കഴിഞ്ഞു. 

'ജസ്പ്രീത് ബുമ്രയുടെ ആരോഗ്യം നല്ല അവസ്ഥയിലല്ല. പുരോഗതിയില്ല. പരിക്കിന് ശസ്ത്രക്രിയ നടത്താന്‍ നിർദേശങ്ങളുണ്ട്. ശസ്ത്രക്രിയ വേണ്ടിവന്നാല്‍ നാലഞ്ച് മാസം വേണ്ടിവരും പൂർണ ആരോഗ്യവാനാകാന്‍. ബുമ്ര അതിന് തയ്യാറല്ല. എന്നാല്‍ പരിക്ക് മാറാത്ത സാഹചര്യത്തില്‍ ശസ്ത്രക്രിയ തെരഞ്ഞെടുക്കാനാണ് മെഡിക്കല്‍ സംഘം നല്‍കിയിരിക്കുന്ന ഉപദേശം. ഇങ്ങനെ ചെയ്താല്‍ ഏകദിന ലോകകപ്പ് ആകുമ്പോഴേക്ക് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ ബുമ്രക്കായേക്കും. ശസ്ത്രക്രിയയുടെ കാര്യത്തില്‍ വേഗം തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്, കാരണം ആരോഗ്യം മെച്ചപ്പെടേണ്ടതിന് പകരം മോശമാവുകയാണ്' എന്നും ബിസിസിഐ വൃത്തങ്ങള്‍ ഇന്‍ഡൈസ് സ്പോർടിനോട് പറഞ്ഞു.

നഷ്‍ടമായത് എത്രയെത്ര പരമ്പരകള്‍, ടൂർണമെന്‍റുകള്‍

2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ജസ്‌പ്രീത് ബുമ്ര പുറംവേദനയുള്ളതായി പരാതിപ്പെടുന്നത്. 2019ല്‍ സംഭവിച്ച പരിക്കിന്‍റെ തുടര്‍ച്ചയായിരുന്നു ഇത് എന്ന് പരിശോധനയില്‍ വ്യക്തമായി. 2022 ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നെങ്കിലും പരിക്ക് തിരിച്ചടിയായി. ഇതോടെ താരം ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ മടങ്ങിയെത്തി. പരിക്ക് ഭേദമാക്കാത്തതിനാല്‍ ഏഷ്യാ കപ്പും ട്വന്‍റി 20 ലോകകപ്പും ബുമ്രക്ക് നഷ്‌ടമായി. ഇതിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ടി20കളില്‍ ആറ് ഓവര്‍ മാത്രമെറിഞ്ഞു. ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് പര്യടനങ്ങള്‍ നഷ്‌ടമായ താരത്തെ ലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പെട്ടെന്ന് ഒഴിവാക്കി. ഇതിന് ശേഷം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയും ഓസീസിനെതിരായ ഏകദിനങ്ങളും കൂടി താരത്തിന് നഷ്‌ടമായി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്നസ് പരീക്ഷ വിജയിക്കാന്‍ ബുമ്രക്ക് ഇതുവരെയായിട്ടില്ല.

വരാനിരിക്കുന്ന ഐപിഎല്ലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ജസ്പ്രീത് ബുമ്രക്ക് നഷ്ടമാകും എന്ന് ഉറപ്പായിട്ടുണ്ട്. ബുമ്രക്ക് എപ്പോള്‍ മൈതാനത്തേക്ക് തിരിച്ചെത്താനാകും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. 

നിരാശ വാര്‍ത്ത, ബുമ്രയുടെ തിരിച്ചുവരവ് വൈകും; ഫിറ്റ്‌നസ് കൈവരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്