സിഡ്‌നി: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക്  പതിഞ്ഞ തുടക്കം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ഓടുവില്‍ വിവരം ലഭിക്കുമ്പോള്‍ 20 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 103 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (53), ഡേവിഡ് വാര്‍ണര്‍ (41) എന്നിവരാണ് ക്രീസില്‍. നേരത്തെ രോഹിത് ശര്‍മയുടെ അഭാവത്തില്‍ മായങ്ക് അഗര്‍വാളിന് ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ശിഖര്‍ ധവാനൊപ്പം മായങ്ക് ഓപ്പണ്‍ ചെയ്യും. 

ജസ്പ്രിത് ബുംറ- മുഹമ്മദ് ഷമി സഖ്യത്തിനെതിരെ ശ്രദ്ധയോടെയാണ് ഫിഞ്ചും വാര്‍ണറും തുടങ്ങിയത്. ഇരുവരോടും ബഹുമാനം കാണിച്ച ഓപ്പണര്‍മാര്‍ സിംഗിളും ഡബിളുമായി കളംപിടിച്ചു. ഇതുവരെ നാല് ഓവര്‍ എറിഞ്ഞ ഷമി 13 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ബുമ്ര അഞ്ച് ഓവറില്‍ 23 റണ്‍സാണ് നല്‍കിയത്. നവ്ദീപ് സൈനി 25, യൂസ്‌വേന്ദ്ര ചാഹല്‍ 28 റണ്‍സ് വിട്ടുകൊടുത്തു. 72 പന്തില്‍ ഒരു സിക്‌സിന്റേയും നാല് ഫോറിന്റേയും സഹായത്തോടെയാണ് ഫിഞ്ച് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. വാര്‍ണര്‍ മൂന്ന് ബൗണ്ടറികള്‍ കണ്ടെത്തി. 

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, നവ്ദീപ് സൈനി. 

ഓസ്‌ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, മാര്‍കസ് സ്റ്റോയിനിസ്, മര്‍നസ് ലബുഷാനെ, ഗ്ലെന്‍ മാക്‌സ്‌വെല്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.