പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍. പോര്‍ട്ട് എലിസബത്തില്‍ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ സന്ദര്‍ശകര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തിട്ടുണ്ട്. ബെന്‍ സ്റ്റോക്‌സ് (38), ഒല്ലി പോപ് (39) എന്നിവരാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒരോ മത്സരം വീതം ജയിച്ചിട്ടുണ്ട്.

സാക് ക്രൗളി (44), ഡൊമിനിക് സിബ്ലി (36), ജോ ഡെന്‍ലി (25), ജോ റൂട്ട് (27) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. കംഗിസോ റബാദ ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ആന്റിച്ച് നോര്‍ജെ, കേശവ് മഹാരാജ് എന്നിവര്‍ക്ക്  ഓരോ വിക്കറ്റുണ്ട്.

പരിക്ക് കാരണം വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. മാര്‍ക് വുഡാണ് പകരം ടീമിലെത്തിയത്.