കാന്‍ബറ: ത്രിരാഷ്ട്ര വനിതാ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുത്തിട്ടുണ്ട്. ജമീമ റോഡ്രിഗസ് (24), ഹര്‍മന്‍പ്രീത് കൗര്‍ (8) എന്നിവരാണ് ക്രീസില്‍.

സ്മൃതി മന്ഥാന (15), ഷെഫാലി വര്‍മ (30) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സ്‌കോര്‍ബോര്‍ഡില്‍ 27 റണ്‍സുള്ളപ്പോഴാണ് മന്ഥാന മടങ്ങിയത്. എന്നാല്‍ തകര്‍ത്തടിച്ച ഷെഫാലി ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കി. ജമീമയ്‌ക്കൊപ്പം 37 റണ്‍സാണ് ഷെഫാലി കൂട്ടിച്ചേര്‍ത്തത്. നാല് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിങ്‌സ്. ജമീമ ഇതുവരെ നാല് ബൗണ്ടറികള്‍ കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ, ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. രാജേശ്വരി ഗെയ്കവാദ്, ശിഖ പാണ്ഡെ, ദീപ്തി ശര്‍മ എന്നിവര്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 67 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 

മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. മൂന്നാം ഓവറിന്റെ തുടക്കത്തില്‍ തന്നെ അവര്‍ രണ്ടിന് 9 എന്ന അവസ്ഥയിലായി. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇംഗ്ലണ്ടിന് 59 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ഒത്തുച്ചേര്‍ന്ന നൈറ്റ്- ടാമ്മി ബ്യൂമോന്റ് (37) സഖ്യമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 44 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു നൈറ്റിന്റെ ഇന്നിങ്‌സ്. 27 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെയാണ് ബ്യൂമോന്റ് 37 റണ്‍സെടുത്തത്. രാധാ യാദവിന് ഒരു വിക്കറ്റുണ്ട്. 

ആതിഥേയരായ ഓസ്‌ട്രേലിയയാണ് പരമ്പരയിലെ മൂന്നാമത്തെ ടീം. മൂന്ന് ടീമുകളും രണ്ട് മത്സരങ്ങള്‍ വീതം കളിക്കും. കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.