വെല്ലിങ്ടണ്‍: പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ന്യൂസിലന്‍ഡ് മികച്ച നിലയില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിന ആതിഥേയര്‍ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 222 റണ്‍സെടുത്തിട്ടുണ്ട്. കെയ്ന്‍ വില്യംസണ്‍ (94), ഹെന്റി നിക്കോള്‍സ് (42) എന്നിവരാണ് ക്രീസില്‍. ടോം ലാഥം (4), ടോം ബ്ലണ്ടല്‍ (5), റോസ് ടെയ്‌ലര്‍ (70) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ഷഹീന്‍ അഫ്രീദിക്കാണ് മൂന്ന് വിക്കറ്റുകളും.

മോശം തുടക്കമായിരുന്നു ആതിഥേയര്‍ക്ക്. സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരായ ടോം ലാഥം (4), ടോം ബ്ലണ്ടല്‍ (5) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. പിന്നീട് ഒത്തുച്ചേര്‍ന്ന വില്യംസണ്‍- റോസ് ടെയ്‌ലര്‍ സഖ്യമാണ് കിവീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 120 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എ്ന്നാല്‍ വില്യംസണ്‍ നല്‍കിയ മൂന്ന് അവസരങ്ങള്‍ പാക് ഫീല്‍ഡര്‍മാര്‍ നഷ്ടമാക്കി. മാത്രമല്ല, ഒരു എല്‍ബിഡബ്ല്യൂ തീരുമാനം റിവ്യൂ ചെയ്യാതിരുന്നതും പാകിസ്ഥാന് തിരിച്ചടിയായി. 

ഇതിനിടെ ടെയ്‌ലര്‍ മടങ്ങി. പത്ത് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ടെയ്‌ലറുടെ ഇന്നിങ്‌സ്. പിന്നാലെ ക്രീസിലെത്തിയ ഹെന്റി നിക്കോള്‍സ് ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. വില്യംസണ്ഡ ഇതുവരെ എട്ട് ഫോറും ഒരു സിക്‌സും നേടിയിട്ടുണ്ട്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. നേരത്തെ ടി20 പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കിയിരുന്നു.