വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കര്‍ണാടകയ്‌ക്കെതിരെ തകര്‍ച്ചയെ അതിജീവിച്ച് മുംബൈ 254 റണ്‍സ് നേടി. 

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കര്‍ണാടകയ്‌ക്കെതിരെ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി മുംബൈ. ബെംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് നേടിയത്. 86 റണ്‍സെടുത്ത ഷംസ് മുലാനിയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. സായ്‌രാജ് പാട്ടീല്‍ (33), സിദ്ധേഷ് ലാഡ് (38) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കര്‍ണാടകയ്ക്ക് വേണ്ടി വിദ്യാധര്‍ പാട്ടീല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

60 റണ്‍സിനിടെ തന്നെ മുംബൈക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു. ഇഷാന്‍ മുല്‍ചാന്ദ്‌നി (20), മുഷീര്‍ ഖാന്‍ (9), ആംകൃഷ് രഘുവന്‍ഷി (27), ഹാര്‍ദിക് തമോറെ (1) എന്നിവര്‍ തുടക്കത്തില്‍ തന്നെ മടങ്ങി. തുടര്‍ന്ന് മുലാനി - ലാഡ് സഖ്യം 76 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതാണ് മുംബൈയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ലാഡ് 34-ാം ഓവറില്‍ മടങ്ങി. തുടര്‍ന്ന് വന്ന സൂര്യാന്‍ഷ് ഷെഡ്‌ഗെ (16), തനുഷ് കൊട്ടിയാന്‍ (6) എന്നിവര്‍ നിരാശപ്പെടുത്തി. 49-ാം ഓവറില്‍ മുലാനിയും മടങ്ങി. 91 പന്തുകള്‍ നേരിട്ട താരം എട്ട് ബൗണ്ടറികള്‍ നേടിയിരുന്നു.

വാലറ്റത്ത് സായ്‌രാജ് 25 പന്തില്‍ പുറത്താവാതെ നേടിയ 33 റണ്‍സ് സ്‌കോര്‍ 250 കടത്തി. മൊഹിത് അവാസ്ഥി (1) പുറത്താവാതെ നിന്നു. കര്‍ണാടകയ്ക്ക് വേണ്ടി വിദ്യാധറിന് പുറമെ അഭിലാഷ് ഷെട്ടി, വിദ്വത് കവേരപ്പ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച കര്‍ണാടക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെടുത്തിട്ടുണ്ട്. ദേവ്ദത്ത് പടിക്കല്‍ (24), മായങ്ക് അഗര്‍വാള്‍ (12) എന്നിവരാണ് ക്രീസില്‍.

300 കടന്ന് ഉത്തര്‍ പ്രദേശ്

മറ്റൊരു ക്വാര്‍ട്ടറില്‍ സൗരാഷ്ട്രയ്‌ക്കെതിരെ ഉത്തര്‍ പ്രദേശ് 310 റണ്‍സ് അടിച്ചെടുത്തു. 88 റണ്‍സ് വീതം നേടിയ അഭിഷേക് ഗോസ്വാമി, സമീര്‍ റിസ്വി എന്നിവരാണ് ഉത്തര്‍ പ്രദേശിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. പ്രിയം ഗാര്‍ഗ് (35), പ്രശാന്ത് വീര്‍ (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ റിങ്കു സിംഗ് (13) നിരാശപ്പെടുത്തി.

YouTube video player