ടി20 ലോകകപ്പിൽ മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് പിന്തുണയുമായി ബൗളിംഗ് പരിശീലകൻ മോണി മോർക്കൽ. സ
മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ മോശം ഫോമിനെക്കുറിച്ചുള്ള ആശങ്കകളോട് പ്രതികരിച്ച് ബോളിംഗ് പരിശീലകന്‍ മോണി മോര്‍ക്കല്‍. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മാച്ച് വിന്നര്‍ ആകുമെന്ന് കരുതപ്പെട്ടിരുന്ന ഇടംകൈയ്യന്‍ ബാറ്റര്‍ക്ക് ഇതുവരെ തന്റെ താളം കണ്ടെത്താനായിട്ടില്ല. സിംബാബ്വെക്കെതിരായ ഏക അര്‍ദ്ധ സെഞ്ച്വറി ഒഴിച്ചുനിര്‍ത്തിയാല്‍, മൂന്ന് ഡക്കുകളും കുറഞ്ഞ സ്‌കോറുകളുമായി നിരാശാജനകമായ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ആറ് ഇന്നിംഗ്സുകളില്‍ നിന്ന് വെറും 13.33 ശരാശരിയില്‍ 80 റണ്‍സ് മാത്രമാണ് അഭിഷേകിന് നേടാനായത്.
എന്നാല്‍, ഫോമില്ലായ്മയില്‍ ഉഴലുന്ന അഭിഷേകിന് പൂര്‍ണ്ണ പിന്തുണയാണ് മോര്‍ക്കല്‍ നല്‍കുന്നത്. സഞ്ജു സാംസണ്‍ തന്റെ കരിയറില്‍ സമാനമായ ഒരു ഘട്ടത്തിലൂടെ കടന്നുപോയതും പിന്നീട് നിര്‍ണ്ണായക സമയത്ത് ഫോമിലേക്ക് തിരിച്ചെത്തിയതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ''ചിലപ്പോള്‍ ഈ കളി നിങ്ങളോട് വളരെ ക്രൂരമായി പെരുമാറും. സഞ്ജു നേരിട്ടതിന് സമാനമായ ഒരു സാഹചര്യമാണിത്. ഒരു കരിയറില്‍ ഇത്തരം നിമിഷങ്ങള്‍ ഉണ്ടാകുന്നത് വളര്‍ച്ചയ്ക്ക് നല്ലതാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു താരത്തെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല പാഠമാണ്.'' ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ മോര്‍ക്കല്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ പുതിയ തുടക്കം
ഇന്നിംഗ്സിന്റെ തുടക്കത്തില്‍ ഓഫ് സ്പിന്നിനെ നേരിടാന്‍ അഭിഷേക് പ്രയാസപ്പെടുന്നതും, പേസ് ബൗളര്‍മാരെ തുടക്കം മുതലേ ആക്രമിക്കാന്‍ ശ്രമിക്കുന്നതിലൂടെയുണ്ടാകുന്ന സമ്മര്‍ദ്ദവുമാണ് താരത്തിന് തിരിച്ചടിയാകുന്നത്. എന്നാല്‍ അഭിഷേകിന്റെ ആക്രമണോത്സുകമായ ശൈലിയില്‍ ഒന്നോ രണ്ടോ ബൗണ്ടറികള്‍ കൊണ്ട് തന്നെ ആത്മവിശ്വാസം തിരിച്ചെടുക്കാന്‍ കഴിയുമെന്ന് മോര്‍ക്കല്‍ വിശ്വസിക്കുന്നു.
മോര്‍ക്കല്‍ തുടര്‍ന്നു... ''അഭിഷേകിന്റെ ബാറ്റിംഗ് ശൈലി വെച്ച് നോക്കിയാല്‍, താളം കണ്ടെത്താന്‍ ഒന്നോ രണ്ടോ ഷോട്ടുകള്‍ മതിയാകും. അദ്ദേഹം സാങ്കേതികതയെക്കുറിച്ച് അമിതമായി ആശങ്കപ്പെടുന്ന ഒരാളല്ല. അതുകൊണ്ട് തന്നെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ അധികം സമയം വേണ്ടിവരില്ല. നാളത്തെ മത്സരം അദ്ദേഹത്തിന് ഒരു പുതിയ തുടക്കമാണ്. കുറച്ച് കാലം മുമ്പ് ഇംഗ്ലണ്ടിനെതിരെ അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു. ആ പഴയ വീഡിയോകള്‍ കണ്ട് തന്റെ മികച്ച നിമിഷങ്ങളെക്കുറിച്ച് ഓര്‍ത്തെടുക്കാനാണ് അദ്ദേഹം ശ്രമിക്കേണ്ടത്. നാളെ പൂജ്യത്തില്‍ നിന്നാണ് തുടങ്ങുന്നതെന്നും അതൊരു പുതിയ അവസരമാണെന്നും അദ്ദേഹം മനസ്സിലാക്കണം.'' മോര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

