ലണ്ടന്‍: ജീവിതത്തില്‍ ഇനിയുള്ള കാലം കാണാനാഗ്രഹിക്കുന്നവരുടെ ഒരു ടീം ഉണ്ടാക്കിയാല്‍ എങ്ങനെ ഉണ്ടായിരിക്കും. ചോദ്യം ഐസിസിയുടേതാണ്. ഇതിന് ആദ്യം മറുപടി നല്‍കിയവരില്‍ ഒരാളാകട്ടെ മുന്‍ ഇംഗ്ലണ്ട് ഓഫ് സ്പിന്നര്‍ ഗ്രെയിം സ്വാനും. ഗ്രെയിം സ്വാന്‍ തെരഞ്ഞെടുത്ത എവര്‍ ഗ്രീന്‍ ഇലവനില്‍ ഇന്ത്യയില്‍ നിന്ന് ഒരേയൊരു പേര് മാത്രമേയുള്ളു. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ.

ഇംഗ്ലീഷ് താരം കോളിന്‍ മില്‍ബേണും ന്യൂസിലന്‍ഡ് മുന്‍നായകനായിരുന്ന മാര്‍ട്ടിന്‍ ക്രോയുമാണ് സ്വാനിന്റെ ടീമിലെ ഓപ്പണര്‍മാര്‍. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്കിനെ ഒഴിവാക്കി ഒമ്പത് ടെസ്റ്റ് മാത്രം കളിച്ച മില്‍ബേണിനെ സ്വാന്‍ ഓപ്പണറാക്കിയത് ഇംഗ്ലീഷ് ആരാധകരെ പോലും അമ്പരപ്പിച്ചു. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ മൂന്നാം നമ്പറിലെത്തുന്ന ടീമില്‍ ഓസ്ട്രേലിയയുടെ മാര്‍ക്ക് വോ നാലാം സ്ഥാനത്ത് എത്തുന്നു എന്നത് ആരാധകരെ ആശ്ചര്യപ്പെടുത്തി. അഞ്ചാമതായാണ് സച്ചിന്റെ സ്ഥാനം.

ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ടീമില്‍ ഓള്‍ റൗണ്ടറായി ഇയാന്‍ ബോതം വരുമ്പോള്‍ വിക്കറ്റ് കീപ്പറായി ഇംഗ്ലണ്ടിന്റെ അലന്‍ നോട്ട് എത്തുന്നു. ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ ആണ് സ്പിന്നറായി ടീമിലുള്ളത്. ഇംഗ്ലണ്ടിന്റെ പേസ് ബൗളറായിരുന്ന ഹാരോള്‍ഡ് ലാര്‍വുഡും ജെയിംസ് ആന്‍ഡേഴ്സണും പാക്കിസ്ഥാന്റെ വസീം അക്രവും ആണ് പേസര്‍മാരായി ആന്‍ഡേഴ്സന്റെ ടീമിലുള്ളത്.