നിലവില്‍ ന്യൂസിലന്‍ഡ് സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാല്‍ കോട്‌സീ എന്നിവര്‍ക്കൊപ്പം നാലാം സ്ഥാനം പങ്കിടുന്ന ബുമ്രയ്ക്ക് ആറ് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളാണുള്ളത്.

മുംബൈ: ഏകദിന ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്രയ്ക്ക് ഒന്നാമതെത്താന്‍ സുവര്‍ണാവസരം. നിലവില്‍ ന്യൂസിലന്‍ഡ് സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാല്‍ കോട്‌സീ എന്നിവര്‍ക്കൊപ്പം നാലാം സ്ഥാനം പങ്കിടുന്ന ബുമ്രയ്ക്ക് ആറ് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളാണുള്ളത്. ഇതില്‍ ഒരുതവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കി. വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്ത് മൂന്ന് പേരുണ്ട് പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി, ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍കോ ജാന്‍സന്‍, ഓസീസ് സ്പിന്നര്‍ ആഡം സാംപ എന്നിവര്‍ക്കെല്ലാം 16 വിക്കറ്റുകള്‍ വീതമുണ്ട്. ഇതില്‍ സാംപ ആറ് മത്സരമാണ് കളിച്ചത്. മറ്റു രണ്ട് പേര്‍ ഒരു മത്സരം കൂടുതല്‍ കളിച്ചു. 

ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് വിക്കറ്റെടുത്താല്‍ ബുമ്രയ്ക്ക് മൂവരേയും മറികടക്കാം. അതേസമയം വിക്കറ്റ് വേട്ടയിലെ ആദ്യ പതിനഞ്ച് പേരിലെ മറ്റൊരു ഇന്ത്യക്കാരന്‍ കുല്‍ദീപ് യാദവ് മാത്രമാണ്. ആറ് മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റാണ് കുല്‍ദീപിന്റെ സമ്പാദ്യം. അതേസമയം, റണ്‍വേട്ടക്കാരില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് ഒന്നാമത് തുടരുന്നു. ഏഴ് മത്സരങ്ങളില്‍ 545 റണ്‍സാണ് ഡി കോക്ക് ഇതുവരെ നേടിയത്. രണ്ടാം സ്ഥാനത്ത് ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്രയാണ്. ഏഴ് മത്സരങ്ങളില്‍ 415 റണ്‍സാണ് നേട്ടം. 

ഡേവിഡ് വാര്‍ണര്‍ (413), രോഹിത് ശര്‍മ (398), എയ്ഡന്‍ മാര്‍ക്രം (362) എന്നിവരാണ് ആദ്യ അഞ്ചില്‍ ശേഷിക്കുന്നവര്‍. ഇന്ത്യന്‍ താരം വിരാട് കോലി (354) ഏഴാം സ്ഥാനത്താണ്. കോലിക്ക് മുകളിലാണ് പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ (359). റാസി വാന്‍ ഡര്‍ ഡസ്സന്‍ (353), ഡാരില്‍ മിച്ചല്‍ (346), അബ്ദുള്ള ഷെഫീഖ് (332) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു താരങ്ങള്‍. ഇന്ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ 114 റണ്‍സാണ് ഡി കോക്ക് നേടിയത്. ഈ ലോകകപ്പില്‍ നാലാം സെഞ്ചുറിയാണ് ഡി കോക്ക് കണ്ടെത്തിയത്. 

മാത്രമല്ല, ഒരു ലോകകപ്പില്‍ മാത്രം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തിലെത്താനും ഡി കോക്കിന് സാധിച്ചു. ഇക്കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമന്‍. 2003 ലോകകപ്പില്‍ 11 മത്സരങ്ങളില്‍ നിന്ന് 673 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്. ഒരു സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറികളും ഇക്കൂട്ടത്തിലുണ്ട്. മികച്ച ഫോമില്‍ കളിക്കുന്ന ഡി കോക്ക് ഈ സീസണില്‍ റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് കരുതപ്പെടുന്നത്. സച്ചിനൊപ്പമെത്താന്‍ ഡി കോക്കിന് 128 റണ്‍സ് കൂടി മതി.

20 വര്‍ഷം മുമ്പ് സച്ചിനിട്ട റെക്കോര്‍ഡ് പഴങ്കഥയായേക്കും! 'ക്വിന്റല്‍' ഡി കോക്കിന് മുന്നില്‍ ആരും സുരക്ഷിതരല്ല