തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന തിലക് വര്‍മ രണ്ടാം സ്ഥാനത്തെത്തി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് തിലക് രണ്ടാമതെത്തിയത്.

ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് കനത്ത തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മോശം ഫോമിനെ തുടര്‍ന്ന് സഞ്ജുവിന് 12 സ്ഥാനങ്ങള്‍ നഷ്ടമായി. മലയാളി താരം 29-ാം സ്ഥാനത്തേക്ക് പതിച്ചു. ഇംഗ്ലണ്ടിനെതിരെ ആദ്യ മൂന്ന് ടി20 മത്സരങ്ങളില്‍ നിന്നായി 34 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. മൂന്ന് മത്സരങ്ങളിലും അഞ്ച് ഓവറിനപ്പും സഞ്ജു ബാറ്റ് ചെയ്തിട്ടില്ല. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20യില്‍ 26 റണ്‍സ് നേടിയ സഞ്ജു, ചെന്നൈയില്‍ രണ്ടാം ടി20യില്‍ അഞ്ച് റണ്‍സിനും പുറത്തായി. രാജ്കോട്ടില്‍ നടന്ന മൂന്നാം ടി20യില്‍ ആറ് പന്തില്‍ മൂന്ന് റണ്‍സുമായി സഞ്ജു മടങ്ങിയിരുന്നു. ഈ മോശം പ്രകടനം തന്നെയാണ് സഞ്ജുവിനെ പിറകോട്ടടിപ്പിച്ചത്.

അതേസമയം തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന തിലക് വര്‍മ രണ്ടാം സ്ഥാനത്തെത്തി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് തിലക് രണ്ടാമതെത്തിയത്. ഇംഗ്ലണ്ട് ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ടിനെയാണ് തിലക് പിന്തള്ളിയത്. ഓസ്‌ട്രേയിന്‍ താരം ട്രാവിസ് ഹെഡാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യുകുമാര്‍ യാദവ്, സാള്‍ട്ടിന് പിറകില്‍ നാലാം സ്ഥാനത്ത് തുടരുന്നു. ഒമ്പതാം സ്ഥാനത്തുള്ള യശസ്വി ജയ്‌സ്വാളാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ഒമ്പതാം സ്ഥാനത്താണ് ജയ്‌സ്വാള്‍. 

വേഗത്തിന് മുന്നില്‍ മുട്ടിടിക്കുന്ന സഞ്ജു മധ്യനിരയിലേക്ക്? നാലാം ടി20യില്‍ ഓപ്പണാകാന്‍ യുവതാരം

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍, പാകിസ്ഥാന്‍ താരം ബാബര്‍ അസം, ശ്രീലങ്കയുടെ പതും നിസ്സങ്ക, പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ യഥാക്രമം അഞ്ച് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളില്‍. ജയ്‌സ്വാളിന് പിന്നില്‍ പത്താം സ്ഥാനത്ത് ശ്രീലങ്കയുടെ കുശാല്‍ പെരേരയുണ്ട്. 59 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ 40-ാം സ്ഥാനത്തെത്തി. ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദില്‍ റഷീദ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. വലിയ നേട്ടമുണ്ടാക്കിയത് ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ്. 

25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വരുണ്‍ അഞ്ചാം സ്ഥാനത്തെത്തി. 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ആറാം സ്ഥാനത്തെത്തി. രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു ഇന്ത്യന്‍ താരങ്ങള്‍.. അഞ്ച് സ്ഥാനങ്ങള്‍ നഷ്ടമായ ബിഷ്‌ണോയ് പത്താം സ്ഥാനത്തായി. അര്‍ഷ്ദീപ് സിംഗ് എട്ടാം സ്ഥാനത്ത് തുടരുന്നു. രാജ്‌കോട്ട് ടി20യില്‍ അര്‍ഷ്ദീപിനെ കളിപ്പിച്ചിരുന്നില്ല. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അക്‌സര്‍ പട്ടേല്‍ 11-ാം സ്ഥാനത്തായി. ടി20 ലോകകപ്പ് 2024 ഫൈനലിന് ശേഷം ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത ജസ്പ്രീത് ബുമ്ര നാല് സ്ഥാനങ്ങള്‍ താഴേക്ക് പോയി, 40-ാം സ്ഥാനത്തെത്തി.