മുംബൈ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം. പരിക്കേറ്റ ദിവ്യാന്‍ഷ് ജോഷിക്ക് പകരം സിദ്ധേഷ് വീറിനെ ടീമില്‍ ഉള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്കയില്‍ നടന്ന ചതുര്‍രാഷ്ട്ര ഏകദിന പരമ്പരയില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഓള്‍റൗണ്ടറായ വീറിന് പരിക്കേല്‍ക്കുന്നത്. വലത് തോളിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഇക്കാര്യം ബിസിസിഐ ഉറപ്പുവരുത്തുകയും ചെയ്തു. 

ടൂര്‍ണമെന്റില്‍ മികച്ച ഫോമിലായിരുന്നു വീര്‍. ന്യൂസിലന്‍ഡിനെതിരെ ആദ്യ മത്സരത്തില്‍ താരം 71 റണ്‍സ് നേടിയിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 37 പന്തില്‍ പുറത്താവാതെ 48 റണ്‍സ് നേടി. 

നാളെ ഇന്ത്യക്ക് അഫ്ഗാനിസ്ഥാനുമായി സന്നാഹ മത്സരമുണ്ട്. 14ന് സിംബാബ്‌വയേയും ഇന്ത്യ നേരിടും. 19ന് ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 21 ജപ്പാനെയും 24ന് ന്യൂസിലന്‍ഡിനെയും നേരിടും.