ലോർഡ്‌സ് ടെസ്റ്റിലെ ഇന്ത്യയുടെ തോൽവിക്ക് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെയും രവീന്ദ്ര ജഡേജയെയും വിമർശിച്ച് മുൻ ഇന്ത്യൻ പരിശീലകൻ ഗ്രെഗ് ചാപ്പൽ.

മെല്‍ബണ്‍: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിക്ക് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെയും രവീന്ദ്ര ജഡേജെയയെും പഴിച്ച് മുന്‍ ഇന്ത്യൻ പരിശീലകനും ഓസ്ട്രേലിയന്‍ നായകനുമായ ഗ്രെഗ് ചാപ്പല്‍. ലോര്‍ഡ്സില്‍ വാലറ്റക്കാതെ പൊതിഞ്ഞു പിടിച്ച് ജഡേജ മനോഹരമായി ബാറ്റ് ചെയ്തെങ്കിലും വിജയത്തിനായി ശ്രമിച്ചില്ലെന്ന് ചാപ്പല്‍ ക്രിക്ക് ഇന്‍ഫോയിലെഴുതിയ കോളത്തില്‍ പറഞ്ഞു.

ജഡേജ മാത്രമായിരുന്നു ക്രീസിലുണ്ടായിരുന്ന അവസാന അംഗീകൃത ബാറ്റര്‍ എന്നത് ശരിയാണ്. എന്നാല്‍ എല്ലാ ഓവറിലും നാലാം പന്തില്‍ മാത്രം സിംഗിളെടുത്ത് വാലറ്റക്കാരെ പൊതിഞ്ഞു പിടിച്ചതുകൊണ്ട് മാത്രം ഇന്ത്യക്ക് ലോര്‍ഡ്സില്‍ ജയിക്കാന്‍ കഴിയുമായിരുന്നില്ല. അതിന് കണക്കുകൂട്ടിയുള്ള റിസ്ക് എടുക്കണമായിരുന്നു. അത്തരമൊരു വ്യക്തമായ സന്ദേശം നല്‍കേണ്ടത് ഡ്രസ്സിംഗ് റൂമില്‍ നിന്ന് നായകനായിരുന്നു. എന്നാല്‍ അത്തരത്തിലൊരു വ്യക്തത നല്‍കാന്‍ ഗില്ലോ കണക്കുകൂട്ടി കളിക്കാന്‍ ജഡേജയോ തയാറായില്ലെന്ന് ഗ്രെഗ് ചാപ്പല്‍ പറഞ്ഞു.

2019ല്‍ ലീഡ്സില്‍ ഓസ്ട്രേലിയക്കെതിരെ ബെന്‍ സ്റ്റോക്സ് അത് ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരം സാഹചര്യങ്ങളില്‍ സ്വന്തം കഴിവില്‍ വിശ്വസിച്ച സ്റ്റോക്സ് കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നാണ് കളിച്ചത്. ജയിക്കാനും തോല്‍ക്കാനും സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞായിരുന്നു സ്റ്റോക്സ് അന്ന് കളിച്ചത്. തന്‍റെ ടീമിന്‍റെ പിന്തുണയും അതിനുള്ള മാനസിക നിലയും സ്റ്റോക്സിനുണ്ടായിരുന്നു. അതാണ് ചാമ്പ്യൻ ടീമുകളെ വ്യത്യസ്തമാക്കുന്നത്.

ടീം എങ്ങനെയാണ് കളിക്കേണ്ടതെന്ന കാര്യം ശുഭ്മാന്‍ ഗില്‍ ടീം അംഗങ്ങളോട് ക്യത്യമായി ആശയവിനിമയം നടത്തണം. അവിടെയാണ് ഗില്ലിന് മുന്നിലെ യഥാര്‍ത്ഥ വെല്ലുവിളിയിരിക്കുന്നത്. ഇന്ത്യയെ എങ്ങനെയുള്ള ടീമാക്കി മാറ്റണമെന്ന കാര്യത്തില്‍ ഗില്ലിന് കൃത്യമായ ധാരണവേണം. വാക്കുകള്‍ കൊണ്ടല്ല, സമീപനം കൊണ്ടും പ്രവര്‍ത്തികൊണ്ടുമാണ് ക്യാപ്റ്റൻ മാതൃകയാകേണ്ടത്. മഹാന്‍മാരായ ക്യാപ്റ്റൻമാരെല്ലാം മികച്ച ആശയവിനിമയം ഉള്ളവരായിരുന്നു. ഈ കഴിവ് ഗില്ലും വളര്‍ത്തിയെടുക്കേണ്ടിവരും. അത് പരിശീലനത്തിലായാലും ഡ്രസ്സിംഗ് റൂമിലായാലും മത്സരത്തിലായാലും കൃത്യമായതും അതേസമയം ശാന്തതയോടും ആശയവിനിമയം നടത്താനാവുക എന്നതാണ് പ്രധാനം. അല്ലാതെ ബാറ്റിംഗ് മികവുകൊണ്ട് മാത്രം ഒറു ക്യാപ്റ്റനും ടീമിന്‍റെ വിശ്വാസം നേടാനാവില്ലെന്നും ചാപ്പല്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക