നാലാം ടെസ്റ്റിൽ ബുമ്ര കളിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ബുമ്ര കളിച്ചില്ലെങ്കിൽ പകരം അർഷ്ദീപ് സിംഗിനെ കളിപ്പിക്കണമെന്ന് രഹാനെ.
മുംബൈ: ഇംഗ്ലണ്ടിനെതിരെ ബുധനാഴ്ച തുടങ്ങുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പേസര്‍ ജസ്പ്രീത് ബുമ്ര കളിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. മത്സര ദിവസം മാത്രമെ ബുമ്ര കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് ഇന്ത്യൻ ടീം സഹപരിശീലകനാ റിയാന്‍ ടെന്‍ ഡോഷെറ്റെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്, മാഞ്ചസ്റ്ററിലെ പിച്ച് പേസിനെ തുണക്കുന്നതാണ് ചരിത്രമെന്നതിനാല്‍ ബുമ്ര നാലാം ടെസ്റ്റില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ജസ്പ്രീത് ബുമ്ര നാലാം ടെസ്റ്റില്‍ കളിച്ചില്ലെങ്കില്‍ പകരക്കാരനാവേണ്ട താരത്തിന്‍റെ പേരുമായി എത്തിയിരിക്കുകയാണ് മുന്‍ നായകന്‍ അജിങ്ക്യാ രഹാനെ.
ഓള്‍ഡ് ട്രാഫോര്‍ഡില്‍ ബുമ്ര കളിക്കുന്നില്ലെങ്കില്‍ പകരം അര്‍ഷ്ദീപ് സിംഗിനെ ഇന്ത്യ കളിപ്പിക്കണമെന്ന് രഹാനെ യുട്യൂബ് ചാനലില്‍ പറഞ്ഞു. ഇംഗ്ലണ്ടില്‍ പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യാന്‍ കഴിയുന്ന ഒരു ഇടം കൈയന്‍ പേസര്‍ കളിക്കുന്നത് ടീമിന് ഗുണകരമാകും. വ്യത്യസ്ത ആംഗിളുകളില്‍ പന്തെറിയാന്‍ കഴിയുമെന്ന് മാത്രമല്ല, ഇടം കൈയന്‍ പേസര്‍ തന്‍റെ റണ്ണപ്പ് വഴി പിച്ചിലുണ്ടാക്കുന്ന മാറ്റം സ്പിന്നര്‍മാര്‍ക്ക് ഗുണകരമാകുകയും ചെയ്യും. അതുകൊണ്ട് തന്നെ ബുമ്രയില്ലെങ്കില്‍ അര്‍ഷ്ദീപ് ആണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തേണ്ടതെന്ന് രഹാനെ പറഞ്ഞു.
സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കുല്‍ദീപ് യാദവിനെയും ഓൾഡ് ട്രാഫോര്‍ഡില്‍ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്ന് രഹാനെ പറഞ്ഞു. കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിലേതിന് സമാനമായ വിക്കറ്റാണ് ഓള്‍ഡ് ട്രാഫോര്‍ഡിലുമെങ്കില്‍ കുല്‍ദീപ് എന്തായാലും പ്ലേയിംഗ ഇലവനില്‍ വേണം. കാരണം, 20 വിക്കറ്റ് വീഴ്ത്താന്‍ കഴിയുന്ന ബൗളര്‍മാരുണ്ടെങ്കിലും ഒരു ടെസ്റ്റ് മത്സരം ജയിക്കാനാവു. നമ്മുടെ ബാറ്റിംഗ് നിര മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചത്. ബാറ്റിംഗ് നിര ഒരു 25-30 റൺസ് കുറച്ചു നേടിയാലും ബൗളിംഗ് നിരയില്‍ വിക്കറ്റെടുക്കാന്‍ കഴിയുന്ന ബൗളര്‍മാരുണ്ടെങ്കില്‍ അത് വലിയ പ്രശ്നമാകില്ല. എല്ലായ്പ്പോഴും നാലു പേസര്‍മാരെ മാത്രം വിക്കറ്റിനായി ആശ്രയിക്കാനാവില്ലെന്നും രഹാനെ പറഞ്ഞു.
ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായ അര്‍ഷ്ദീപ് 63 മത്സരങ്ങളില്‍ 99 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ 26കാരാനായ ഇടം കൈയന്‍ പേസര്‍ക്ക് ഇതുവരെ ടെസ്റ്റില്‍ അവസരം ലഭിച്ചിട്ടില്ല. അതിനിടെ നാലാം ടെസ്റ്റിനുള്ള പരിശീലനത്തിനിടെ പന്ത് ഫീല്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോല്‍ അര്‍ഷ്ദീപിന്‍റെ കൈയില്‍ പരിക്കേറ്റത് ഇന്ത്യക്ക് ആശങ്കയാണ്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയും മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടും ജയിച്ചു.


