ലെജൻഡ്സ് ടി20 ടൂര്‍ണമെന്‍റില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍ സ്റ്റംപിംഗ് അവസരം നഷ്ടമാക്കിയതിനെ തുടര്‍ന്ന് ആരാധകരുടെ ട്രോള്‍.
ലണ്ടൻ: വിരമിച്ച ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ടി20 ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ ചാമ്പ്യൻസ് ഇംഗ്ലണ്ട് ചാമ്പ്യൻസിനെതിരെ അഞ്ച് റണ്‍സിന്‍റെ ആവേശജയം സ്വന്തമാക്കിയെങ്കിലും പാക് ടീമിന്‍റെ വിക്കറ്റ് കീപ്പറായ കമ്രാന്‍ അക്‌മലിനെ ആരാധകരുടെ ട്രോള്‍. പാകിസ്ഥാന്‍ ടീമിനായി കളിക്കുന്ന കാലത്ത് വിക്കറ്റിന് പിന്നിലെ ചോരുന്ന കൈകള്‍ക്ക് ഏറെ പഴികേട്ട വിക്കറ്റ് കീപ്പര്‍ കൂടിയാണ് കമ്രാന്‍ അക്മല്‍. പല മത്സരങ്ങളിലും അനായാസ ക്യാച്ചുകളും സ്റ്റംപിംഗ് അവസരങ്ങളും അക്മല്‍ പാഴാക്കിയിട്ടുണ്ട്.
ഇന്നലെ ഇംഗ്ലണ്ട് ചാമ്പ്യൻസിനെതിരായ മത്സരത്തിലും ഇത്തരത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യൻസ് താരം ഫില്‍ മുസ്റ്റാര്‍ഡിനെ സ്റ്റംപ് ചെയ്ത് പുറത്താക്കാന്‍ ലഭിച്ച അവസരമാണ് കമ്രാന്‍ അക്മൽ പാഴാക്കിയത്. ഷൊയ്ബ് മാലിക്കിന്‍റെ പന്തില്‍ ഫ്രണ്ട് ഫൂട്ടിലിറങ്ങി കൂറ്റനടിക്ക് ശ്രമിച്ച മസ്റ്റാര്‍ഡിന് പന്ത് കണക്ട് ചെയ്യാനായില്ല. അനായാസ സ്റ്റംപിംഗിനുള്ള അവസരമായിരുന്നെങ്കിലും പന്ത് കലക്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ട കമ്രാന്‍ സ്റ്റംപിംഗ് അവസരം നഷ്ടമാക്കി. മത്സരത്തിൽ മസ്റ്റാര്‍ഡ് 51 പന്തില്‍ 58 റൺസടിച്ചെങ്കിലും പാകിസ്ഥാന്‍ അഞ്ച് റണ്‍സ് വിജയം നേടിയിരുന്നു.
ഫോം താല്‍ക്കാലികമാണെങ്കില്‍ കൈവിടുന്നത് സ്ഥിരമാണെന്നായിരുന്നു കമ്രാന്‍ അവസരം നഷ്ടമാക്കിയതിനെ ഒരു ആരാധകര്‍ എക്സ് പോസ്റ്റില്‍ പരിഹസിച്ചത്. ജീവിത്തില്‍ മൂന്ന് ഉറപ്പായ കാര്യങ്ങള്‍ മാത്രമേയുള്ളുവെന്നും ഒന്ന് മരണവും രണ്ട് നികുതിയും മൂന്ന് കമ്രാന്‍ ക്യാച്ച് വിടുന്നതാണെന്നുമായിരുന്നു മറ്റൊരു രസികന്‍ കമന്‍റ്. 2010ലെ ഓര്‍മകള്‍ പുതുക്കിയതിനും നൊസ്റ്റാള്‍ജിയ അടിപ്പിച്ചതിനും പലരും കമ്രാൻ അക്മലിനോട് നന്ദിയും പറയുന്നുണ്ട്.


