മത്സരത്തിനുള്ള ടിക്കറ്റുകല്‍ വിറ്റുതീര്‍ന്നിരുന്നില്ല. സ്‌റ്റേഡിയം നിറയ്ക്കാന്‍ ബിജെപി പ്രവര്‍ത്തകരും ശ്രമിച്ചു. അഹമ്മദാബാദിലുടനീളം ഏകദേശം 30,000 - 40,000 വനിതകള്‍ക്ക് സൗജന്യ ടിക്കറ്റുകളാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.

അഹമ്മദാബാദ്: നിറഞ്ഞുകവിഞ്ഞ ഗ്യാലറിയാണ് ഏകദിന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് ബിസിസിഐ പ്രതീക്ഷിച്ചത്. എന്നാല്‍, അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വിരലിലെണ്ണാവുന്ന ആരാധകര്‍ മാത്രമാണ് എത്തിയത്. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടും റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യ മത്സരം. മാച്ച് പുരോഗമിച്ചുകൊണ്ടിരിക്കെ ആരാധകര്‍ സ്‌റ്റേഡിയത്തിലേക്കെത്തിയിരുന്നു. എന്നാലും സ്‌റ്റേഡിയം നിറയ്ക്കാനായില്ല.

മത്സരത്തിനുള്ള ടിക്കറ്റുകല്‍ വിറ്റുതീര്‍ന്നിരുന്നില്ല. സ്‌റ്റേഡിയം നിറയ്ക്കാന്‍ ബിജെപി പ്രവര്‍ത്തകരും ശ്രമിച്ചു. അഹമ്മദാബാദിലുടനീളം ഏകദേശം 30,000 - 40,000 വനിതകള്‍ക്ക് സൗജന്യ ടിക്കറ്റുകളാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. ടിക്കറ്റുകള്‍ മാത്രമല്ല, കോംപ്ലിമെന്ററി ഭക്ഷണത്തിനും ചായയ്ക്കുമുള്ള കൂപ്പണുകളും വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ പാസാക്കിയ വനിതാ സംവരണ ബില്ലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ടിക്കറ്റുകള്‍ നല്‍കിയതെന്ന് ബോദക്ദേവ് ഏരിയ ബിജെപി പ്രസിഡന്റ് വ്യക്തമാക്കി.

അതേസമയം, ഉദ്ഘാടന മത്സരത്തിന് വനിതാ കാണികളെ അണിനിരത്താന്‍ പാര്‍ട്ടി കൂടുതല്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്. ഗുജറാത്ത് ബിജെപി വക്താവ് യമല്‍ വ്യാസ് പറയുന്നതിങ്ങനെ... ''ഞങ്ങള്‍ പാര്‍ട്ടി തലത്തില്‍ അങ്ങനെയൊരു ശ്രമവും നടത്തിയിട്ടില്ല. സ്ത്രീകള്‍ വന്‍തോതില്‍ സ്റ്റേഡിയത്തിലെത്തിയാല്‍ നല്ലതാണ്. എന്നാല്‍ അതിനായി പ്രത്യേക ശ്രമമൊന്നും പാര്‍ട്ടി നടത്തുന്നില്ല.'' അദ്ദേഹം വ്യക്തമാക്കി.

ഏഷ്യൻ ഗെയിംസ്: ആര്‍ച്ചറിയില്‍ പുരുഷന്‍മാര്‍ക്കും സ്വര്‍ണം, സ്വര്‍ണവേട്ട തുടര്‍ന്ന് ഇന്ത്യ

ലോകകപ്പില്‍ ഒക്ടോബര് 14ന് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തില്‍ സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം വില്‍പനക്കെത്തി മണിക്കൂറുകള്‍ക്കകം വിറ്റുപോയിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് മാത്രമെ സ്റ്റേഡിയത്തില്‍ കാണികളെത്തൂവെങ്കില്‍ ഇത്തവണ ആവേശം കുറഞ്ഞ ലോകകപ്പായിരിക്കും കാണാനാകുക.