രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഗുജറാത്ത് മികച്ച നിലയിൽ. ആദ്യ ദിനം കളി നിർത്തുമ്പോൾ ഗുജറാത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് എടുത്തിട്ടുണ്ട്. 95 റൺസെടുത്ത ആര്യ ദേശായിയുടെയും അർദ്ധ സെഞ്ച്വറി നേടിയ ഉർവ്വിലിന്റെയും പ്രകടനമാണ് ഗുജറാത്തിന് കരുത്തായത്.
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഗുജറാത്ത് ഭേദപ്പെട്ട സ്‌കോറിലേക്ക്. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 300 റണ്‍സെന്ന നിലയിലാണ് ഗുജറാത്ത്. 95 റണ്‍സെടുത്ത ആര്യ ദേശായിയാണ് ഗുജറാത്ത് ബാറ്റിങ് നിരയില്‍ തിളങ്ങിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഗുജറാത്തിന് വേണ്ടി ആര്യ ദേശായിയും അഭിഷേക് ദേശായിയും ചേര്‍ന്നാണ് ഇന്നിങ്‌സ് തുറന്നത്. നിലയുറപ്പിച്ചതോടെ മികച്ച ഷോട്ടുകള്‍ പായിച്ച ആര്യ ദേശായ് 56 പന്തുകളില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. മറുവശത്ത് കരുതലോടെയുള്ള ഇന്നിങ്‌സായിരുന്നു അഭിഷേകിന്റേത്. ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് പോകാതെ 95 റണ്‍സെന്ന നിലയിലായിരുന്നു ഗുജറാത്ത്. എന്നാല്‍ ഉച്ചഭക്ഷണത്തിന് ശേഷം കളി തുടങ്ങി ഉടന്‍ തന്നെ ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. 42 റണ്‍സെടുത്ത അഭിഷേക് ദേശായി എം ഡി നിധീഷിന്റെ പന്തില്‍ രോഹന്‍ കുന്നുമ്മല്‍ ക്യാച്ചെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ വേദാന്ത് ത്രിവേദി ഒന്‍പത് റണ്‍സുമായി മടങ്ങി. എന്‍ പി ബേസിലിന്റെ പന്തില്‍ രോഹന്‍ തന്നെയായിരുന്നു ക്യാച്ചെടുത്തത്.
ചായയ്ക്ക് പിരിയുന്നതിന് തൊട്ടുമുന്‍പെ ഗുജറാത്തിന്റെ രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി കേരളം പിടിമുറുക്കി. 33 റണ്‍സെടുത്ത മനന്‍ ഹിന്‍ഗ്രാജിയ 33 റണ്‍സുമായി മടങ്ങിയപ്പോള്‍ സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെ ആര്യ ദേശായിയും പുറത്തായി. 95 റണ്‍സെടുത്ത ആര്യ വൈശാഖ് ചന്ദ്രന്റെ പന്തില്‍ വിഷ്ണു വിനോദ് ക്യാച്ചെടുത്താണ് പുറത്തായത്. ചായക്ക് ശേഷം കളിയാരംഭിച്ച് രണ്ടാം ഓവറില്‍ തന്നെ ഒരു റണ്ണെടുത്ത ജയ്മീത് പട്ടേല്‍ ആദിത്യ സര്‍വാത്തെയുടെ പന്തില്‍ പുറത്തായി. ഇതോടെ അഞ്ച് വിക്കറ്റിന് 189 റണ്‍സെന്ന നിലയിലായിരുന്നു ഗുജറാത്ത്.
എന്നാല്‍ തുടര്‍ന്നെത്തിയ ഉര്‍വ്വില്‍ പട്ടേലും വിശാല്‍ ജയ്‌സ്വാളും ചേര്‍ന്ന് കളിയുടെ നിയന്ത്രണം തിരിച്ചുപിടിച്ചു. പതിവ് ശൈലിയില്‍ ബാറ്റ് വീശിയ വെടിക്കെട്ട് ബാറ്റര്‍ ഉര്‍വ്വില്‍ പട്ടേല്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഉര്‍വ്വില്‍ 63ഉം വിശാല്‍ 50ഉം റണ്‍സ് നേടി ക്രീസിലുണ്ട്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതിനകം 111 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
കേരളത്തിന് വേണ്ടി എം ഡി നിധീഷ്, എന്‍ പി ബേസില്‍, ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍, ആദിത്യ സര്‍വാടെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് കേരളം ഇന്ന് കളിക്കാനിറങ്ങിയത്. അഭിഷേക് ജെ നായര്‍ക്ക് പകരം രോഹന്‍ കുന്നുമ്മലിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക




