25 പന്തില്‍ 38 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ഓപ്പണര്‍ വൈഭവ് സൂര്യവംശി 16 പന്തില്‍ 36 റണ്‍സടിച്ചപ്പോള്‍ ധ്രുവ് ജുറെല്‍ 10 പന്തില്‍ 24 റണ്‍സെടുത്തു.

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വമ്പന്‍ ജയവുമായി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗുജറാത്ത് ടൈറ്റൻസ്. ജയ്പൂരിലെ സവായ്‌മാന്‍സിംഗ് സ്റ്റേഡിയത്തില്‍ രാജസ്ഥാനെ 77 റണ്‍സിന് തകര്‍ത്താണ് ഗുജറാത്തിന്‍റെ മുന്നേറ്റം. 230 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ 16.3 ഓവറില്‍ 152 റണ്‍സിന് ഓള്‍ ഔട്ടായി. 25 പന്തില്‍ 38 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ഓപ്പണര്‍ വൈഭവ് സൂര്യവംശി 16 പന്തില്‍ 36 റണ്‍സടിച്ചപ്പോള്‍ ധ്രുവ് ജുറെല്‍ 10 പന്തില്‍ 24 റണ്‍സെടുത്തു. 

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

ഗുജറാത്തിനായി റാഷിദ് ഖാന്‍ 33 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ 12 റണ്‍സിന് മൂന്നും കാഗിസോ റബാഡ 33 റണ്‍സിന് രണ്ട് വിക്കറ്റുമെടുത്തു. കൂറ്റൻ ജയത്തോടെ റണ്‍റേറ്റിലും(+0.228) മുന്നേറിയ ഗുജറാത്ത് 14 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. സ്കോര്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 229-4, രാജസ്ഥാന്‍ റോയല്‍സ് 16.3 ഓവറില്‍ 152ന് ഓള്‍ ഔട്ട്.

വെടിക്കെട്ട് തുടക്കം, പിന്നെ തകര്‍ച്ച

230 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന് വൈഭവ് സൂര്യവംശി വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. മുഹമ്മദ് സിറാജിന്‍റെ നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയ വൈഭവ് റബാഡയെയും വെറുതെ വിട്ടില്ല. 2.5 ഓവറില്‍ 38 റണ്‍സിലെത്തിയ രാജസ്ഥാന് സിറാജ് ആണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ബൗണ്‍സറില്‍ വൈഭവിനെ(16 പന്തില്‍ 36) വീഴ്ത്തിയ സിറാജ് രാജസ്ഥാനെ ഞെട്ടിച്ചു. പിന്നാലെ റിയാന്‍ പരാഗിന് പകരം രാജസ്ഥാനെ നയിച്ച യശസ്വി ജയ്സ്വാള്‍(3) റബാഡയുടെ ഷോര്‍ട്ട് പിച്ച് പന്തില്‍ വീണു. ഷിമ്രോണ്‍ ഹെറ്റ്മെയറും(6) റബാഡയുടെ ഷോര്‍ട്ട് ബോള്‍ തന്ത്രത്തില്‍ വീണപ്പോള്‍ തകര്‍ത്തടിച്ച ധ്രുവ് ജുറെല്‍, രവീന്ദ്ര ജഡേജ, ഡൊണോവന്‍ ഫെരേര(4), ശുഭം ദുബെ(15) എന്നിവരെ പുറത്താക്കി റാഷിദ് ഖാന്‍ രാജസ്ഥാന്‍റെ നടുവൊടിച്ചു. ദാസുന്‍ ഷാനക(16), ജോഫ്ര ആര്‍ച്ചര്‍(5), തുഷാര്‍ ദേശ്‌പാണ്ഡെ(1) എന്നിവരെ മടക്കിയ ജേസണ്‍ ഹോള്‍ഡര്‍ രാജസ്ഥാന്‍റെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചു.

Scroll to load tweet…

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സടിച്ചു. 44 പന്തില്‍ 84 റണ്‍സെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. സായ് സുദര്‍ശൻ 36 പന്തില്‍ 55 റണ്‍സെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ 20 പന്തില്‍ 37 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രാഹുല്‍ തെവാത്തിയ 4 പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു. രാജസ്ഥാനുവേണ്ടി ബ്രിജേശ് ശര്‍മ രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക